ന്യൂഡൽഹി: ജിഷ്ണു പ്രണോയ് കേസില്‍ അമ്മ മഹിജ ഇന്ന് സുപ്രീംകോടതിയെ സമീപിക്കും‍. പൊലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന് മഹിജ കോടതിയെ അറിയിക്കും. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ മഹിജയും കക്ഷിചേരുകയാണ് ചെയ്യുക. കേരളത്തില്‍ ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ച സംഭവമായിരുന്നു ജിഷ്ണു കേസ്.

ജിഷ്ണു കേസിൽ കോളേജ് ചെയർമാൻ കൃഷ്ണദാസ്, വൈസ് പ്രിൻസിപ്പൽ ശക്തിവേലു എന്നിവരുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ സുപ്രീം കോടതി സിബിഐയോട് വിശദീകരണം തേടുകയും കേസ് ഇന്ന് പരിഗണിക്കാൻ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹിജ കോടതിയിൽ അപേക്ഷ നൽകുന്നത്.

കേസില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചുവെന്ന ആരോപണം മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും. അതിന് പുറമേ ജിഷ്ണു മരിച്ച് പത്തുമാസമാകുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. ജാമ്യത്തില്‍ ഇറങ്ങിയവര്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും മഹിജ ചൂണ്ടിക്കാണിക്കും. ജിഷ്ണു തൂങ്ങിക്കിടക്കുന്നതായി കണ്ട കൊളുത്തും തുണിയും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചില്ലെന്നും ഡിവൈഎസ്പിയും സിഐയും സംഭവ സ്ഥലം സന്ദര്‍ശിച്ചില്ലെന്നും മഹിജ ഹര്‍ജിയില്‍ ഉന്നയിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ