/indian-express-malayalam/media/media_files/uploads/2017/04/jishnu-22.jpg)
തൃശ്ശൂർ: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്റു കോളേജ് ജീവനക്കാരായ പ്രതികൾ പൊലീസിന്റെ നിരീക്ഷണ വലയിലാണ്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനാൽ അതുവരെ അറസ്റ്റ് ചെയ്യാനാകില്ല. അസിസ്റ്റന്റ പ്രൊഫസർ സി.പി.പ്രവീൺ, പരീക്ഷ ചുമതലയുണ്ടായിരുന്ന ഡിബിൻ എന്നിവരാണ് പൊലീസിന്റെ നിരീക്ഷണ വലയിലുള്ളതായി റിപ്പോർട്ടുകളുള്ളത്.
അതേസമയം പിടിയിലായ പ്രിൻസിപ്പൽ വരദരാജൻ നൽകിയ മൊഴികളിൽ നിന്ന് ഭിന്നമായതാണ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ നൽകിയ മൊഴികൾ. പാമ്പാടി നെഹ്റു കോളേജിൽ ഇടിമുറിയെന്ന് അറിയപ്പെടുന്ന ബോർഡ് റൂമിലേക്കാണ് ജിഷ്ണുവിനെ പരീക്ഷാ ഹാളിൽ നിന്ന് കൊണ്ടുപോയതെന്നാണ് പ്രിൻസിപ്പൽ വരദരാജൻ മൊഴി നൽകിയത്. ഇക്കാര്യം വിദ്യാർത്ഥികൾ നൽകിയ മൊഴിയിലുമുണ്ട്.
എന്നാൽ പ്രിൻസിപ്പൽ വരദരാജന്റെ ഓഫീസ് മുറിയിലേക്കാണ് വിദ്യാർത്ഥിയെ കൂട്ടിക്കൊണ്ടുപോയതെന്നാണ് അന്വേഷണ സംഘത്തിന് ശക്തിവേൽ നൽകിയ വിവരം. പരീക്ഷാ മുറിയിൽ വച്ച് അസിസ്റ്റന്റ് പ്രൊഫസർ സി.പി.പ്രവീണാണ് ജിഷ്ണുവിന്റെ ഉത്തരക്കടലാസിൽ കുത്തിവരച്ചതെന്ന് ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രിൻസിപ്പൽ വരദരാജന്റെ മൊഴിയിൽ പ്രതിസ്ഥാനത്തുള്ളത് വൈസ് പ്രിൻസിപ്പൽ ശക്തിവേലാണ്.
ജിഷ്ണു കോപ്പിയടിച്ചെന്ന കാര്യം തന്നെ അറിയിച്ചത് ശക്തിവേലാണെന്നും വരദരാജൻ മൊഴി നൽകിയതായാണ് വിവരം.
കേസിൽ പിടിയിലാകാനുള്ള ഡിബിൻ, പ്രവീൺ എന്നിവരിൽ ഒരാൾ നാസിക്കിൽ ഒളിവിൽ കഴിയുന്നതായാണ് വിവരം. ഇയാൾക്ക് ചുറ്റിലും പൊലീസുണ്ട്. കോടതി അറസ്റ്റ് തടഞ്ഞതിനാലാണ് ഇയാളെ പിടികൂടാത്തത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുമെന്ന വിശ്വാസത്തിലാണ് പൊലീസ്. അങ്ങിനെ വന്നാൽ ഉടനടി അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
അടുത്ത പ്രതി വയനാട്ടിൽ പൊലീസ് നിരീക്ഷണത്തിലാണെന്ന് വിവരം ലഭിച്ചു. ഇയാളുടെ അറസ്റ്റും രേഖപ്പെടുത്താനാകാത്ത നിലയിലാണ് പൊലീസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.