കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ് രാജേശ്വരി. മറ്റൊരു പെണ്‍കുട്ടിക്കും ഇനി ഈയൊരു അവസ്ഥ വരരുത്, കോടതിയോടും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകിയുടെ ശരീരം ചലനമറ്റ നിമിഷം മാത്രമേ ഇനി തങ്ങള്‍ക്ക് സമാധാനം ആകുവയുളളുവെന്ന് ജിഷയുടെ സഹോദരി പറഞ്ഞു. അന്വേഷണസംഘത്തിന് അഭിമാനമുണ്ടെന്ന് എഡിജിപി ബി സന്ധ്യ പറഞ്ഞു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് ഇന്ന് കേസിൽ ശിക്ഷ വിധിച്ചത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മത്തിലെ കൊ​ല​പാ​ത​കം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വയ്​ക്കു​ക, വീ​ട്ടി​ൽ അ​തിക്ര​മി​ച്ചു​ ക​ട​ക്കു​ക എ​ന്നീ കു​റ്റ​ങ്ങളാണ്​ പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.

പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവച്ച്​ കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. വീട്ടിൽ അതിക്രമിച്ച്​ കടന്നത്​ എന്തെങ്കിലും നല്ല കാര്യത്തിനാണെന്ന്​ തെളിയിക്കാൻ പ്രതിഭാഗത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ച്​ കടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി 346 പേജുള്ള വിധി ന്യായത്തിൽ പറയുന്നു.
302-ാം വ​​കു​​പ്പ്​ പ്ര​​കാ​​രം കൊ​​ല​​പാ​​ത​​ക കു​​റ്റ​​ത്തി​​നും 376 (എ) ​​​പ്ര​​കാ​​രം ആ​​യു​​ധ​​മു​​പ​​യോ​​ഗി​​ച്ച്​ ര​​ഹ​​സ്യ​​ഭാ​​ഗ​​ങ്ങ​​ളി​​ൽ മു​​റി​​വേ​​ൽ​​പി​​ച്ച്​ പീ​​ഡി​​പ്പി​​ച്ച​​തി​​നും 10 വര്‍ഷം തടവും പിഴയും വിധിച്ചു. 376-ാം വ​​കു​​പ്പ്​ പ്ര​​കാ​​രം പീ​​ഡ​​ന​​ത്തി​​നും 449-ാം വ​​കു​​പ്പ്​ പ്ര​​കാ​​രം വീ​​ട്ടി​​ൽ അ​​തി​​ക്ര​​മി​​ച്ച്​ ക​​ട​​ന്ന​​തി​​നും ഏഴ് വര്‍ഷം തടവ് വിധിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ