കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസിൽ ഏക പ്രതി അസം സ്വദേശി അമീറുൽ ഇസ്‌ലാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരിക്കുന്നു. ഐപിസി 449, 342, 376,301 എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊലപാതകം, മരണകാരണമായ ബലാത്സംഗം, അതിക്രമിച്ച് കയറൽ, അന്യായമായി തടഞ്ഞ് വയ്ക്കൽ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തതായി കോടതി കണ്ടെത്തി. പട്ടികവര്‍ഗ പീഡന നിരോധന നിയമവും തെളിവ് നശിപ്പിക്കലും നിലനില്‍ക്കില്ലെന്ന് കോടതി അറിയിച്ചു. അമീറുലിന്റെ ശിക്ഷ നാളെ എറണാകുളം സ്പെഷ്യൽ സെഷൻസ് കോടതി പ്രഖ്യാപിക്കും. വിധിയെ കുുറിച്ചുള്ള പ്രതികരണങ്ങൾ

അമീറുൽ ഇസ്‌ലാം: പ്രതി
താൻ കുറ്റം ചെയ്തിട്ടില്ലെന്ന് കേസിലെ ഏക പ്രതി അമീറുൽ ഇസ്‌ലാം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിടിച്ചു കൊണ്ട് വന്നതാണെന്നും കേസ് പുനരന്വേഷിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെന്നും അമീറുൽ പറഞ്ഞു.

എഡിജിപി ബി.സന്ധ്യ: പ്രത്യേക അന്വേഷണ സംഘം മേധാവി
പ്രതി അമീറുൽ ഇസ്‌ലാം കുറ്റക്കാരനെന്ന് വിധിച്ച കോടതി വിധി തൃപ്തികരമാണെന്ന് എഡിജിപി ബി.സന്ധ്യ. അന്വേഷണ സംഘത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

അഡ്വ. ബി.എ.ആളൂര്‍: പ്രതിഭാഗം വക്കീൽ
പ്രതിക്ക് നീതി നിഷേധിക്കപ്പെട്ടതായി അഡ്വ. ബി.എ.ആളൂര്‍. ഒരു നിരപരാധിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ശിക്ഷയായിട്ടാണ് വിധിയെ താന്‍ കാണുന്നതെന്ന് ആളൂര്‍ വ്യക്തമാക്കി. ഐപിസി 302 ശരിവച്ച സാഹചര്യത്തില്‍ പ്രതിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയായ ജീവപര്യന്തം ലഭിക്കുന്നതിനുവേണ്ടി നിലകൊള്ളും. അതിനുവേണ്ടിയാണ് നാളെമുതല്‍ വാദം നടത്തുക.

രാജേശ്വരി: ജിഷയുടെ അമ്മ
പ്രതി കുറ്റക്കാരനാണെന്ന വിധിയിൽ സന്തോഷവതിയാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. കോടതിക്കും അന്വേഷണ സംഘത്തിനും രാജേശ്വരി നന്ദി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ