കേരളത്തെ ഞെട്ടിച്ച ക്രൂരമായ കൊടുംപാതകമായിരുന്നു നിയമവിദ്യാർത്ഥിനിയായിരുന്ന ജിഷയുടെ കൊലപാതകം. ഇന്നും ഞെട്ടലിൽ നിന്നും വിമുക്തമാകാത്ത സങ്കീർണമായ ഒട്ടേറെ കുരുക്കൾ മുറുകി കിടക്കുന്ന ഒന്നാണ് ഈ വധക്കേസ്. സംഭവം നടന്നതിന്റെ 566-ാം ദിവസമായ ഇന്നാണ് കേസിൽ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. കേസിലെ വിധി വരുന്നത് കാണാൻ ജിഷയുടെ അച്ഛൻ ജീവിച്ചിരിപ്പില്ല. അമ്മയും സഹോദരിയും ജിഷയുടെ കൊലപാതകത്തിന്റെ വിധി കാത്തിരിക്കുകയായിരുന്നു. കൊലപാതകിയെന്ന് പൊലീസ് കണ്ടെത്തിയത് അസ്സമിൽ നിന്നുളള തൊഴിലാളിയായ അമീറുൽ ഇസ്‌ലാമിനെയാണ്. ഏറ്റവും കടുത്ത ശിക്ഷ പ്രതിക്ക് ലഭിക്കണമെന്നായിരുന്നു അമ്മയുടെ ആവശ്യം. വിധി കാത്തിരിന്നത് ഈ അമ്മ മാത്രല്ല, കേരളം കൂടെയായിരുന്നു.
കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിനു ശേഷം വീണ്ടും കേരളത്തിലെ സ്ത്രീ സുരക്ഷ ചോദ്യം ചെയ്തുകൊണ്ടാണ് ജിഷ വധക്കേസ് സംഭവിക്കുന്നത്. സൗമ്യ ട്രെയിനുളളിൽ വച്ച് ഗോവിന്ദച്ചാമി എന്ന ഭിക്ഷക്കാരനാൽ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തുവെന്നായിരുന്നു കേസ്. ആ കേസിന്രെ ഞെട്ടലിൽ നിന്നും കേരളം വിമുക്തമാകുന്നതിന് മുമ്പായിരുന്നു നിയമവിദ്യാർത്ഥിനിയായ ദലിത് പെൺകുട്ടി പുറമ്പോക്കിൽ താമസിക്കുന്ന ഒറ്റമുറി വീട്ടിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട ദിവസം സംഭവം നടക്കുന്നത് രാത്രിയാണെന്നാണ് റിപ്പോർട്ട്. അടുത്ത ദിവസം അതൊരു മരണവാർത്തയായി മാത്രമാണ് പുറത്തുവരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം അച്ചടി മാധ്യമങ്ങളുടെ അവധി ദിവസം. വാർത്ത വരുന്നില്ല. അടുത്ത ദിവസം സോഷ്യൽമീഡയിയിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും സംഭവം നിറയുന്നു. കേരളത്തിലെ ദലിത് ജീവിതങ്ങളുടെ നേർക്കാഴ്ചയുടെ അടയാളമായി പുറമ്പോക്കിലെ വസതിയിൽ കൊല്ലപ്പെടുന്ന ജിഷ എന്ന നിയമവിദ്യാർത്ഥിനിയുടെ വിഷയം ഉയർത്തപ്പെടുന്നു.
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്രെ വക്കിൽ നിൽക്കുമ്പോഴാണ് ഈ ക്രൂരമായ സംഭവം അരങ്ങേറുന്നത്. അന്വേഷണ സംഘം വഴിമുട്ടി. പലരും പൊലീസിന്രെ ക്രൂരമായ പീഡനത്തിന് ഇരയായി. തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിയെ പിടിക്കാനുളള പൊലീസിന്രെ നെട്ടോട്ടം പക്ഷേ, ഫലം കണ്ടില്ല. അന്വേഷണ സംഘത്തിന് പ്രതിയെ പിടികൂടാനായത് മെയ് 16 ന് കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. 17 ന് പ്രതിയെ അറസ്റ്റ് ചെയ്ത വാർത്ത ഔദ്യോഗികമായി പുറത്തുവന്നു.
ഇതേസമയം, ജിഷയുടെയും കുടുംബത്തിന്രെ ദയനീയമായ ജീവിതകഥ പുറത്തുവന്നു. ജിഷയുടെ കുടുംബത്തെ സഹായിക്കാൻ സർക്കാർ സംവിധാനങ്ങളും സുമനസ്സുകളും തയ്യാറായി. ജിഷയുടെ സഹോദരിക്ക് ജോലി നൽകി, വീട് പുനർ നിർമ്മിച്ചു നൽകാനും സർക്കാർ തയ്യാറെടുത്തു.
30 പേരെ പൊലീസ് അന്വേഷണത്തിന്രെ ഭാഗമായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ചിലർക്ക് ക്രൂരമായ മർദ്ദനമേറ്റിരുന്നു. ആയിരത്തിയഞ്ചൂറോളം പേരെ ചോദ്യം ചെയ്യുകയും മൊഴികളെടുക്കുകയും ചെയ്തു. അയ്യായിരം പേരുടെ വിരലടയാളങ്ങൾ പരിശോധിച്ചു. സംശയിക്കപ്പെട്ട 23 പേരുടെ ഡിഎൻഎ പരിശോധിച്ചു.
ഏപ്രിൽ 28, 2016
പെരുമ്പാവൂർ കുറുപ്പുംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വസതിയിൽ കൊല്ലപ്പെട്ടു. ശരീര ഭാഗങ്ങൾ വികൃതമാക്കി ബലാൽസംഗത്തിനിരയായിട്ടായിരുന്നു കൊലപാതകം. ജിഷയും അമ്മയും പുറമ്പോക്കിലായിരുന്നു താമസം.
ഏപ്രിൽ 28, രാത്രി 8.30
ജിഷയുടെ മൃതദേഹം അമ്മ രാജേശ്വരി കാണുന്നു. കൊലപാതക വിവരം നാട്ടുകാർ പൊലീസിനെ അറിയിക്കുന്നു.
ഏപ്രിൽ 29
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കുന്നു. ഒരു പെൺകുട്ടി വധിക്കപ്പെട്ടുവെന്ന ചെറിയ ഒരു വാർത്ത പത്രം പ്രസിദ്ധീകരിക്കുന്നു. ഇൻക്വസ്റ്റിലോ, പ്രഥമ വിവര റിപ്പോർട്ടിലോ ബലാൽസംഗം നടന്നതായി പരാമർശമില്ല.
മെയ് 2
കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. സമൂഹ മാധ്യമങ്ങളിലും, വാർത്ത മാധ്യമങ്ങളിലും, കൊലപാതകം പ്രധാന ചർച്ചയാകുന്നു. അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഗതി ആകെ ജിഷ സംഭവം മാറ്റി മറിക്കുന്നു
മെയ് 4
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു. ജിഷയുടെ ശരീരത്തിൽ മുപ്പതിലധികം മാരക മുറിവുകളെന്നു റിപ്പോർട്ടിൽ. ജസ്റ്റിസ് ഫോർ ജിഷ എന്ന ക്യാംപെയിൻ ശക്തമാകുന്നു. സിനിമാലോകവും ആ ക്യാംപെയിന് പിന്തുണ പ്രഖ്യാപിക്കുന്നു. മെയ് നാലിന് തന്നെ സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നു.
മെയ് 06
എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പുതിയതായി ചുമതലയേറ്റ പിണറായി സർക്കാർ നിയമിക്കുന്നു.
മെയ് 16
ജിഷയെ കൊലപ്പെടുത്തിയയാൾ എന്നു സംശയിക്കപ്പെടുന്ന വ്യക്തി പിടിയിൽ എന്ന് വാർത്ത.
മെയ് 17
അസം സ്വദേശി അമീറുൽ ഇസ്‌ലാം കൊലപാതകം നടന്നു അമ്പതു ദിവസത്തിനു ശേഷം കാഞ്ചിപുരത്തു നിന്നും പിടിയിൽ. തുടർന്ന് അമീറിന്റെ കുറ്റസമ്മതം.
സെപ്റ്റംബർ 17
പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നു.
മാർച്ച് 17, 2017
വിചാരണ ആരംഭിക്കുന്നു. നൂറിലധികം സാക്ഷികൾ.
നവംബർ 9
ജിഷയുടെ അച്ഛൻ പാപ്പുവിനെ അദ്ദേഹം ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
നവംബർ 21
അവസാന വാദം.