കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ നാളെ വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് വിചാരണ പൂര്‍ത്തിയാക്കി കേസില്‍ വിധി പറയുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്.
അമീറുല്‍ ഇസ്ലാം എന്ന ഏക പ്രതിയാണ് കേസിലുള്ളത്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകൾ അണിനിരത്തിയാണു പ്രോസിക്യൂഷൻ അന്തിമവാദം നടത്തിയത്. എന്നാൽ നിലവിലെ തെളിവുകൾ പ്രതിക്കെതിരെ കുറ്റം തെളിയിക്കാൻ പര്യാപ്തമല്ലെന്ന വാദമാണു പ്രതിഭാഗം ഉയർത്തിയത്. കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറു പേരെയും കോടതി വിസ്തരിച്ചിരുന്നു.
2016 ഏപ്രിൽ 28 നു വൈകിട്ട് 5.30 നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ജിഷയുടെ വീട്ടിലേക്കു പ്രതി അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷൻ കേസ്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടങ്കലിലാക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയത്.