കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ അഞ്ച് പേരെ പുനർ വിസ്തരിക്കണമെന്ന ആവശ്യം കോടതി തള്ളി. ജിഷയുടെ അമ്മ രാജേശ്വരി അടക്കം അഞ്ച് സാക്ഷികളുടെ പുനർ വിസ്താരത്തിനുള്ള അനുമതിയാണ് കോടതി നിഷേധിച്ചത്.
ഏതാനും പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ അപേക്ഷയില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നേരത്തേ 100 പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരവും പ്രതിയെ കോടതി നേരിട്ട് ചോദ്യംചെയ്യുന്ന നടപടിയും പൂർത്തിയായിരുന്നു. ഇതിന് ശേഷമാണ് പ്രതി അമീറുൽ ഇസ്ലാമിന്റെ അഭിഭാഷകൻ പുതിയ അപേക്ഷ നൽകിയത്. പ്രതിഭാഗത്തുനിന്ന് വിസ്തരിക്കുന്ന സാക്ഷികളുടെ പട്ടിക ഇതുവരെ കൈമാറിയിട്ടില്ല.
2016 ഏപ്രില്‍ 28ന് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.