കൊച്ചി: ജിഷ വധക്കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പരമാവധി ശിക്ഷയായ വധശിക്ഷ വിധിച്ചത്. കുറ്റവാളി ദയ അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ തന്നെ നല്‍കണമെന്നുമുളള പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.
എട്ട്മാസം നീണ്ട വിചാരണ പൂർത്തിയാക്കിയാണ് ഇന്ന് കേസിൽ ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ കൊലപാതകം, ബലാൽസംഗം, പീഡനത്തിനായി ആയുധം ഉപയോഗിച്ച് പരുക്കേൽപിക്കൽ, അന്യായമായി തടഞ്ഞുവയ്ക്കുക, വീട്ടിൽ അതിക്രമിച്ചു കടക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിട്ടുള്ളത്.
പ്രതിരോധിക്കാൻ ശ്രമിച്ച ജിഷയെ പ്രതി തടഞ്ഞുവച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. വീട്ടിൽ അതിക്രമിച്ച് കടന്നത് എന്തെങ്കിലും നല്ല കാര്യത്തിനാണെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിനായിട്ടില്ല. ഈ സാഹചര്യത്തിൽ വീട്ടിൽ അതിക്രമിച്ച് കടന്ന പ്രതി കൊലപാതകവും പീഡനവും നടത്തിയതായി സംശയാതീതമായി തെളിയിക്കപ്പെട്ടതായി 346 പേജുള്ള വിധി ന്യായത്തിൽ പറയുന്നു.
Read More: ക്രൂരകൃത്യത്തിന് കൂലി കൊലക്കയർ; മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ
ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 376 എ (ആയുധമുപയോഗിച്ചു സ്വകാര്യഭാഗത്തു പരിക്കേല്പിക്കൽ), 376 (ബലാത്സംഗം), 342 (അന്യായമായി തടഞ്ഞുവയ്ക്കുക), 449 (വീട്ടിൽ അതിക്രമിച്ചു കടക്കുക) എന്നീ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്. ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിനാണ് പരമാവധി ശിക്ഷ കോടതി വിധിച്ചത്. ശേഷിക്കുന്ന കുറ്റങ്ങൾക്ക് തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്.
പ്രതിഭാഗത്തിന്റെ വാദം നീണ്ടതോടെയാണ് വിധി ഇന്നത്തേക്ക് മാറ്റിവെച്ചത്. തുടരന്വേഷണം ആവശ്യപ്പെട്ടുളള പ്രതി അമീറുൽ ഇസ്‍ലാമിന്‍റെ ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നലെ തളളിയിരുന്നു. കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നായിരുന്നു അമീറുളിന്റെ ആവശ്യം.
കോടതിയുടെ ഏറ്റവും പിന്നിലെ പ്രതിക്കൂട്ടിൽനിന്ന പ്രതിയെ ജഡ്ജിയുടെ ഇരിപ്പിടത്തിന് മുന്നിലേക്ക് വിളിപ്പിച്ചാണ് വിധി പറഞ്ഞുതുടങ്ങിയത്. ദ്വിഭാഷിയുടെ സഹായത്താൽ കുറ്റം മുഴുവൻ കേട്ട പ്രതി താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ പൊലീസ് പിടിച്ചുകൊണ്ടുവരുകയായിരുന്നെന്നും ബോധിപ്പിച്ചു.