കൊച്ചി: ജിഷ വധക്കേസിൽ രഹസ്യ വിചാരണ നടത്താൻ കോടതി ഉത്തരവ്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ സാക്ഷികൾക്ക് പല മൊഴികളും നൽകാനുണ്ട്. അപ്പോൾ രഹസ്യ വിചാരണയല്ലേ നല്ലതെന്നു വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ച കോടതി ചോദിച്ചു. എന്നാൽ രഹസ്യ വിചരണയുടെ ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇതു അംഗീകരിക്കാതെ കോടതി രഹസ്യ വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു.

ഇനി കേസിന്റെ വിധി വരുന്നതുവരെ അടച്ചിട്ട മുറിയിലായിരിക്കും വിചാരണ നടക്കുക. മാധ്യമങ്ങൾക്കും കേസിന്റെ വിചാരണ സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ കഴിയില്ല. ഏപ്രിൽ അഞ്ചു വരെയുളള ഒന്നാംഘട്ട വിചാരണയിൽ 21 സാക്ഷികളെയാണ് കോടതി വിസ്തരിക്കുക. ജിഷയുടെ അമ്മ രാജേശ്വരിയെ നാളെ വിസ്തരിക്കും.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നായിരുന്നു ജിഷ വധക്കേസ്. പെരുന്പാവൂരിലെ നിയമ വിദ്യാർഥിനിയായ ജിഷയെ കഴിഞ്ഞ ഏപ്രിൽ 28 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായി ബലാൽസംഗത്തിനിരയായ ശേഷമാണ് ജിഷ കൊല്ലപ്പെട്ടത്. നാളുകൾ നീണ്ട അന്വേഷണത്തിനു ശേഷമാണ് അന്യസംസ്ഥാന തൊഴിലാളിയായ പ്രതി അമീറുൾ ഇസ്‌ലാമിനെ പൊലീസ് പിടികൂടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ