പെരുമ്പാവൂർ: ജിഷ വധക്കേസ് പ്രതി അ​മീ​റു​ല്‍ ഇ​സ്‌ലാമിനെ തൂക്കിക്കൊല്ലണമെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വധശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവർക്കും പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു.

ലോകത്തിൽ ചെയ്യാൻ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്‍റെ മകളോട് പ്രതി ചെയ്തത്. തന്‍റെ സ്വപ്നങ്ങളാണ് തകർക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീൽ ആക്കാൻ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ഇന്നാണ് വിധി പറയുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയില്‍ നടന്ന രഹസ്യ വിചാരണക്ക് ശേഷമാണ് വിധി പറയുന്നത്. 293 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പ്രതിക്കെതിരെ പരമാവധി ശിക്ഷയാണു പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. അതിക്രമിച്ചു കയറൽ, വീടിനുള്ളിൽ അന്യായമായി തടഞ്ഞുവയ്ക്കൽ, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കൽ, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.

2016 ഏപ്രിൽ 28 നു വൈകിട്ട് കുറുപ്പംപടി വട്ടോളിപ്പടിയിലെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി, ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നാണു കേസ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.