scorecardresearch
Latest News

ജിഷ വധം: വിചാരണ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട പ്രതിഭാഗത്തിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന സർക്കാരിനു വിജിലൻസ് നൽകിയ റിപ്പോർട്ട് പരിഗണിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു

jisha, murder

കൊച്ചി: ജിഷ വധക്കേസില്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുക. പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ബി.ആളൂരാണ് ഹർജി നൽകിയത്.

അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന സർക്കാരിനു വിജിലൻസ് നൽകിയ റിപ്പോർട്ട് പരിഗണിക്കണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നു. വിജിലൻസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിചാരണ നിർത്തിവയ്ക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ജിഷ വധക്കേസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടി വിജിലൻസ് ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. അമീറുൽ ഇസ്‌ലാം മാത്രമാണോ പ്രതിയെന്നു ഉറപ്പില്ലെന്നും അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടക്കം മുതൽ അന്വേഷണം പാളിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
എഫ്ഐആർ റജിസ്റ്റർ ചെയ്തതു മുതൽ പിഴവ് സംഭവിച്ചു. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായി. കേസ് കോടതിയിൽ നിലനിൽക്കില്ല. മുൻവിധിയോടെയാണ് അന്വേഷണം നടന്നത്. ഇപ്പോഴത്തെ നിലയിൽ കുറ്റപത്രവുമായി മുന്നോട്ടു പോയാൽ കോടതിയിൽനിന്നും തിരിച്ചടി ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

16 പേജുളള റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയത്. ആഭ്യന്തര സെക്രട്ടറി ഈ റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും കൈമാറി. എന്നാൽ ഈ റിപ്പോർട്ട് ഡിജിപി ലോക്‌നാഥ് ബെഹ്റ തളളി. വിജിലൻസ് അനാവശ്യമായി ഇടപെടുന്നുവെന്നായിരുന്നു ഡിജിപി പറഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥ എഡിജിപി സന്ധ്യയും വിജിലൻസ് ഡയറക്ടർക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

ജിഷ വധക്കേസിൽ രഹസ്യ വിചാരണ നടത്താൻ കോടതി ഉത്തരവിട്ടിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉത്തരവിട്ടത്. കേസിൽ സാക്ഷികൾക്ക് പല മൊഴികളും നൽകാനുണ്ട്. അപ്പോൾ രഹസ്യ വിചാരണയല്ലേ നല്ലതെന്നു വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായി കേസ് പരിഗണിച്ച കോടതി ചോദിച്ചു. എന്നാൽ രഹസ്യ വിചരണയുടെ ആവശ്യമില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇതു അംഗീകരിക്കാതെ കോടതി രഹസ്യ വിചാരണയ്ക്ക് ഉത്തരവിടുകയായിരുന്നു.

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളിൽ ഒന്നായിരുന്നു ജിഷ വധക്കേസ്. പെരുന്പാവൂരിലെ നിയമ വിദ്യാർഥിനിയായ ജിഷയെ കഴിഞ്ഞ ഏപ്രിൽ 28 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ക്രൂരമായി ബലാൽസംഗത്തിനിരയായ ശേഷമാണ് ജിഷ കൊല്ലപ്പെട്ടത്. നാളുകൾ നീണ്ട അന്വേഷണത്തിനു ശേഷമാണ് അന്യസംസ്ഥാന തൊഴിലാളിയായ പ്രതി അമീറുൾ ഇസ്‌ലാം പൊലീസ് പിടികൂടിയത്.

എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെയാണ് അമീറുലിനെ പിടികൂടിയത്. ഇതു സർക്കാർ വലിയ നേട്ടമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊക്കെ തിരിച്ചടിയായിരുന്നു വിജിലൻസ് സർക്കാരിനു നൽകിയ റിപ്പോർട്ട്. വിജിലൻസ് തന്നെ അന്വേഷണത്തിൽ വീഴ്ച വന്നുവെന്നു പറയുന്നത് പ്രതി അമീറുലിന് രക്ഷപ്പെടാൻ വഴിയൊരുക്കുമെന്നും വാദങ്ങളുണ്ടായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jisha murder case aaloor plea court