വടയമ്പാടി സമരം സെക്രട്ടറിയേറ്റിലേക്ക്, ജിഗ്നേഷ് മേവാനി പങ്കെടുക്കും

അമ്പത്തിനാലോളം ദലിത് സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം:  മൂവാറ്റുപുഴയ്ക്കടുത്തുള്ള പുത്തന്‍ കുരിശ് വടയമ്പാടിയില്‍ ജാതിമതിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് ദലിത് സംഘടനകള്‍. മാർച്ച് 21ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ദലിത് സംഘടനകള്‍ സമരം ചെയ്യും. ദലിത് നേതാവും ഗുജറാത്തിലെ വഡഗാവ് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയാണ് സമരം ഉദ്ഘാടനം ചെയ്യുക.

ദലിത് ഭൂ അവകാശ സമിതിയും വടയമ്പാടി സമരസഹായ സമിതിയുമാണ് സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ അമ്പത്തിനാലോളം ദലിത് സംഘടനകള്‍ പങ്കെടുക്കും. ചേരമ സാംബവ സര്‍വ്വീസ് സൊസൈറ്റിയും ബിഎസ്‌പിയും അടക്കമുള്ള ദലിത് ബഹുജന്‍ സംഘടനകള്‍ ഐക്യദാര്‍ഢ്യവുമായി രംഗത്തുണ്ട് എന്ന് സമരസഹായസമിതി അംഗം ധന്യാ മാധവ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തോട് പറഞ്ഞു.

ലക്ഷക്കണക്കിന് ദലിതരെ പങ്കെടുപ്പിച്ചുകൊണ്ട് ഗുജറാത്തിലെ ഉനയില്‍ നടന്ന ദലിത് സമരത്തിലൂടെ ഉയര്‍ന്ന് വന്ന നേതാവാണ്‌ ജിഗ്നേഷ് മേവാനി. ഫെബ്രുവരി എട്ടാം തീയ്യതി വടയമ്പാടിക്കടുത്ത ചൂണ്ടിക്കവലയില്‍ ദലിത് സംഘടനകൾ നടത്താനിരുന്ന ആത്മാഭിമാന കൺവെൻഷനെതിരെ പൊലീസ് ഏകപക്ഷീയമായി നടപടിയെടുത്തുവെന്നാരോപിച്ച് ജിഗ്നേഷ് കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു.

ഹിന്ദുത്വ ശക്തികളുമായുളള ഇടത് സർക്കാരിന്രെ അവിശുദ്ധ ബാന്ധവത്തെ രാജ്യത്തെ എല്ലാ ദലിത്, ഇടതുപക്ഷ ശക്തികളും എതിർക്കുകയും അപലപിക്കുകയും വേണമെന്ന് ജിഗ്നേഷ് ആവശ്യപ്പെട്ടു. രാജ്യത്തെ ആഴത്തിൽ ഗ്രസിച്ചിരിക്കുന്ന ഹിന്ദുത്വ ഫാസിസത്തിനെതിരെ ഇടതുപക്ഷ, ദലിത് സംഘടനകളുൾപ്പടെ പുരോഗമന ശക്തികളുടെ മുന്നണി രൂപപ്പെടുന്ന സാഹചര്യത്തിൽ ഇത്തരമൊരു നടപടി ഐക്യത്തിന് പകരം ദുരന്തത്തിലായിരിക്കും എന്നും ജിഗ്നേഷ് അഭിപ്രായപ്പെടുകയുണ്ടായി.

ഭജനമഠത്തെ പൊതുസ്ഥലം മതിൽ കെട്ടി അടച്ചതിനെതിരെ ചൂണ്ടിക്കവലയില്‍ ദലിത് സംഘടനകൾ നടത്താനിരുന്ന ആത്മാഭിമാന കൺവെൻഷന് എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ സംഭവം ഏകപക്ഷീയവും ദലിത് വിരുദ്ധവുമായ നിലപാടാണ് എന്ന് സംസ്ഥാന പട്ടിക ജാതി – പട്ടിക വര്‍ഗ കമ്മീഷന്‍ നിരീക്ഷിച്ചിരുന്നു. ” ജനാധിപത്യപരമായ അവകാശങ്ങളെ നിഷേധിക്കുന്ന നടപടി പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നു. ദലിത് ആത്മാഭിമാന കണ്‍വെന്‍ഷനെ ഏകപക്ഷീയമായി അടിച്ചൊതുക്കുകയായിരുന്നു പൊലീസ് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്” കമ്മീഷന്‍ അംഗം എസ്.അജയകുമാര്‍ പറഞ്ഞു.

സമരക്കാർക്കെതിരെ രംഗത്ത് സംഘടിച്ചെത്തിയ സംഘപരിവാർ പ്രവർത്തകര്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Jignesh mevani to attend pro vadayambady anti caste wall

Next Story
സെക്രട്ടറിയേറ്റിന് മുന്നിൽ നാളെ നഴ്‌സുമാരുടെ ഏകദിന ഉപവാസംMaldives, മാലിദ്വീപ്, Norka roots, നോര്‍ക്ക റൂട്ട്സ്, Job recruitment, തൊഴിൽ റിക്രൂട്ട്മെന്റ്,  Nurse, നഴ്സ്, Midwife, മിഡ് വൈഫ്, Medical technician,   മെഡിക്കല്‍ ടെക്നീഷ്യന്‍, Job vacancy, തൊഴിലവസരം, Jobs, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com