കാസർഗോഡ്: എംഎൽഎയും മുസ്ലിം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിനു കേസെടുത്തു. കാസർഗോഡ് തൃക്കരിപ്പൂർ ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഖമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
മൂന്ന് പേരിൽ നിന്നായി മുപ്പത്തിയാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന പരാതിയിലാണ് കേസ്. എണ്ണൂറോളം പേരിൽനിന്ന് നൂറുകോടിയിലേറെ രൂപ നിക്ഷേപമായി വാങ്ങി എന്നാണ് സൂചന.
ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവർ നൽകിയ പരാതിയിലാണ് എംഎൽഎയ്ക്കെതിരെ കേസെടുത്തത്.
Read Also: ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല, ‘ജനം ടിവി’യിൽ നിന്നു മാറിനിൽക്കുന്നു: അനിൽ നമ്പ്യാർ
എണ്ണൂറോളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർഗോഡ് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ചുനൽകിയില്ല. പണം തിരിച്ചുലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.
അതേസമയം, തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഖമറുദ്ദീൻ എംഎൽഎ ആരോപിച്ചു.
നേരത്തെ നിയമവിരുദ്ധമായ ഭൂമി കൈമാറ്റത്തിൽ ഖമറുദ്ദീനെതിരെ ആരോപണമുയർന്നിരുന്നു. തൃക്കരിപ്പൂരിൽ രണ്ട് ഏക്കറോളം വഖഫ് ഭൂമി ഖമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് നിയമവിരുദ്ധമായി കൈമാറിയ സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഖമറുദ്ദീൻ ചെയർമാനായ ട്രസ്റ്റിന് ഭൂമി അനധികൃതമായി വിൽപ്പന നടത്തിയെന്നാണ് സംസ്ഥാന വഖഫ് ബോർഡിന്റെ പ്രാഥിക അന്വേഷണത്തിൽ കണ്ടെത്തിയത്.