കൊച്ചി: മുസ്ലീംലീഗ് എംഎൽഎ, എംസി ഖമറുദ്ദീൻപ്രതിയായ ജ്വല്ലറി തട്ടിപ്പിൽ നിക്ഷേപകരെ വഞ്ചിക്കാൻ കമ്പനിയും ഡയറക്ടർ ബോർഡ് അംഗങ്ങളും ബോധപുർവ്വമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ടന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീൻ സമർപ്പിച്ച ഹർജിയിലാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടന്ന് സർക്കാർ വ്യക്തമാക്കിയത്.
ഫാഷൻ ഗോൾഡ് ഇൻറർനാഷണൽ കമ്പനി റിസർവ് ബാങ്കിന്റേയും റജിസ്ട്രാർ ഓഫ് കമ്പനീസിന്റെയും 2013 ലെ സംസ്ഥാന നിക്ഷേപകസംരക്ഷണ നിയമത്തിലെയും വ്യവസ്ഥകൾ ലംഘിച്ചെന്നും സർക്കാർ അറിയിച്ചു. ഓഹരി ഉടമകളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ കമ്പനിക്ക് ലൈസൻസ് ഉണ്ടായിരുന്നില്ല. കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ പ്രകാരം സ്വർണക്കച്ചവടത്തിനേ വ്യവസ്ഥ ഉണ്ടായിരുന്നുള്ളുവെന്നും സർക്കാർ അറിയിച്ചു.
Also Read: കെ.എം.ഷാജിയുടെ വീടിന് 1.60 കോടി മൂല്യം, 2,200 ചതുരശ്ര അടി അധിക നിർമാണം; രേഖകൾ കൈമാറി
കമ്പനി ഉദ്ദേശലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിച്ച് തട്ടിപ്പ് നടത്തി. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച രേഖ പ്രകാരം 2017 മാർച്ചിൽ കമ്പനി നാല് ലക്ഷത്തോളം രൂപ ലാഭത്തിലാണ്. 2016 മുതൽ കമ്പനി നഷ്ടത്തിലാണന്ന പ്രതിയുടെ ഹർജിയിലെ വാദം ശരിയല്ല. 2019ൽ നടന്ന ജിഎസ്ടി പരിശോധനയിൽ, ലാഭം മറച്ചുക്കൊൻ കമ്പനി രജിസ്ട്രാർക്ക് വ്യാജരേഖകൾ സമർപ്പിച്ചതായി കണ്ടെത്തിയെന്നും കമ്പനിക്ക് ഒരു കോടി പിഴ ചുമത്തിയെന്നും സർക്കാർ ചുണ്ടിക്കാട്ടി.
കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് ഡയറക്ടർമാർ നൽകുന്ന കണക്കുകൾ വ്യാജമാണ്. നിക്ഷേപകരെ ഓഹരി സർട്ടിഫിക്കറ്റ് നൽകാതെ വഞ്ചിച്ചു. ഖമറുദിൻ അടക്കമുള്ള ഉന്നതർ ബാംഗ്ളുരിൽ സ്ഥലം വാങ്ങുന്നതിന് 8 കോടി തിരിമറി നടത്തിയതായി ജനറൽ മാനേജറുടെ മൊഴിയുണ്ട്. കമ്പനി നഷ്ടത്തിലാണന്നു പറയുമ്പോഴും 2018 വരെ നിക്ഷേപം സ്വീകരിച്ചതിന് രേഖകൾ ഉണ്ട്. ഡയറക്ടർമാർ കമ്പനിയുടെ ആസ്തികളും സ്വർണവുമായി മുങ്ങിയിരിക്കുകയാണ്.
Also Read: നിയമസഭ കയ്യാങ്കളി കേസ്: മന്ത്രിമാരായ ജയരാജനും ജലീലും നാളെ കോടതിയിൽ ഹാജരാകണം
നിക്ഷേപം സ്വീകരിച്ചതിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചോ എന്ന് സംശയമുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. കടം വീട്ടാൻ കമ്പനിയുടേതായി നിലവിൽ ആസ്തികളൊന്നുമില്ല. ചില ഷോറൂമുകളുടെ ഉടമസ്ഥാവകാശം മാറ്റിയിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആഴത്തിലുള്ള അന്വേഷണം വേണം. ഖമറുദീൻ എംഎൽഎ പദവി നിക്ഷേപം സമാഹരിക്കുന്നതിന് ഉപയോഗിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
71 കേസുകൾ രജിസ്റ്റർ ചെയ്തു. നിരവധി രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികൾ പല രേഖകളും മുക്കിയിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. കേസ് ഖമറുദീന്റെ മറുപടിക്കായി കോടതി മാറ്റി.