കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ കാറിലേക്ക് കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കോട്ടയം എരുമേലി സ്വദേശി രഘുനാഥൻ നായരാണ് ജസ്റ്റിസ് വി.ഷർസിയുടെ കാറിലേക്ക് കരി ഓയിൽ ഒഴിച്ചത്. രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ സെൻട്രൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ നീതി നിഷേധം നടക്കുകയാണെന്നും കേസുകൾ അനന്തമായി നീളുകയാണെന്നും ആരോപിച്ചാണ് പ്രതിഷേധം.

കാണാതായ ജസ്നയുടെ ചിത്രമുള്ള പോസ്റ്റർ രഘുനാഥൻ നായരുടെ കൈവശമുണ്ടായിരുന്നു. ജഡ്ജിയുടെ കാർ കോടതി വളപ്പിനകത്തേക്ക് കയറുമ്പോൾ എൻട്രൻസ് ഗേറ്റിൽ പ്ലക്കാർഡുമായി നിന്നായിരുന്നു ഇയാൾ കരി ഓയിൽ ഒഴിച്ചത്.

കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നൽകി. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നുവെന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു.

Read More: എം.ശിവശങ്കറിന് എല്ലാ കേസിലും ജാമ്യം; ഇന്ന് ജയിൽ മോചിതനാകും

കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി.സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല.

2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.