/indian-express-malayalam/media/media_files/uploads/2018/05/jasna-4.jpg)
പത്തനംതിട്ട: കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് പ്രധാനമന്ത്രിക്ക് പരാതി നൽകും. ജെസ്‌നയുടെ തിരോധാനത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറാനായി ബിഷപ് മാത്യു അറയ്ക്കലിന് പെൺകുട്ടിയുടെ പിതാവ് നിവേദനം കൈമാറി. ജെസ്‌ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവും ഇല്ലെന്നും ഈ സാഹചര്യത്തിലാണ് പരാതിയെന്നും പിതാവ് പറഞ്ഞു.
തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കേസ് അന്വേഷിച്ചിരുന്ന പത്തനംതിട്ട മുൻ എസ്‌പി കെ.ജി.സൈമണ്‍ പറഞ്ഞത്. അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ട്. തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ വൈകാതെ തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിലുൾപ്പെടെ അന്വേഷണം നടന്നു. കോവിഡ് പ്രതിസന്ധി അന്വേഷണത്തിനു മങ്ങലേൽപ്പിച്ചെന്നും കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു.
2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്. രണ്ട് വർഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍-മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.
ജെസ്‌ന എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല. ജെസ്‌നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്‌ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല. അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യത്തിലാണ് തിരുവല്ല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നത്.
ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേകസംഘവും തുടർന്ന് ക്രൈംബ്രാഞ്ചും ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെ പറ്റി വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും കേസിൽ യാതൊരു വഴിതിരിവും ഉണ്ടായില്ല. ഉദ്ദേശം അഞ്ചരയടി ഉയരവും വെളുത്തു മെലിഞ്ഞ ശരീരപ്രകൃതവുമുള്ള, കണ്ണട ധരിച്ചതും പല്ലില്‍ കമ്പി കെട്ടിയിട്ടുള്ളതും ചുരുണ്ട തലമുടിയുള്ളതുമായ ജെസ്‌ന കാണാതാകുന്ന സമയത്ത് കടുംപച്ച ടോപ്പും കറുത്ത ജീന്‍സുമാണ് ധരിച്ചിരുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us