കൊച്ചി: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജ് വിദ്യാർത്ഥിനി ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹേബിയസ് കോർപ്പസ് ഹർജി രണ്ടാമതും പിൻവലിച്ചു. ഹർജി തള്ളുമെന്നും പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് പിൻവലിച്ചത്. സംഘടനയ്ക്ക് ഹർജിയുമായി കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും ഹർജിക്ക് പിന്നിൽ പ്രശ്സ്തിയാണ് ലക്ഷ്യമെന്നും കോടതി വാക്കാൽ പരാമർശിച്ചു.

ജെസ്‌നയുടെ സഹോദരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി നിലവിലുണ്ടെന്നും അതിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സർക്കാർ അറയിച്ചു. ഹർജിയിൽ പിഴവുണ്ടെന്ന് ബുധനാഴ്ച കോടതി ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് പിൻവലിച്ച് വീണ്ടും സമർപ്പിക്കുകയായിരുന്നു.

Also Read: ജസ്നയുടേതെന്ന് കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു

കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. 2018 മാർച്ച് 22 ന് കാണാതായ ജെസ്‌നയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ജെസ്‌ന എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞതായി മാധ്യമങ്ങളിൽ വാർത്ത വന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ശുഭപ്രതീക്ഷയുണ്ടെന്ന് കഴിഞ്ഞ മാസമാണ് ജെസ്‌നയുടെ തിരോധാനം അന്വേഷിച്ച പത്തനംതിട്ട മുൻ എസ്‌പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ.ജി.സൈമൺ പറഞ്ഞത്. അന്വേഷണത്തിൽ വ്യക്തമായ ഉത്തരമുണ്ട്. തുറന്നുപറയാൻ സാധിക്കാത്ത പല കാര്യങ്ങളുമുണ്ട്. കേസിൽ വൈകാതെ തീരുമാനമുണ്ടാകും. തമിഴ്‌നാട്ടിലുൾപ്പെടെ അന്വേഷണം നടന്നു. കോവിഡ് പ്രതിസന്ധി അന്വേഷണത്തിനു മങ്ങലേൽപ്പിച്ചെന്നും കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തത്.

Also Read: ‘ദൃശ്യങ്ങളില്‍ പതിഞ്ഞത് ജസ്‌ന തന്നെ, അലീഷ അല്ല’; അന്വേഷണ സംഘം

2018 മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്‌നയെ കാണാതായത്. രണ്ട് വർഷത്തിലേറെയായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു തുമ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ലായിരുന്നു. ജെസ്‌നയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു. കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍-മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.