കൊച്ചി: പത്തനംതിട്ട ജില്ലയിലെ മുക്കൂട്ട്തറയിൽ നിന്ന് കാണാതായ ജസ്നയെ കണ്ടെത്താൻ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി ഇന്ന് പരിഗണിക്കും. കേരള ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കേസിൽ പൊലീസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി കുടുംബം എത്തിയത്. ജസ്നയുടെ സഹോദരനാണ് ഹർജി സമർപ്പിച്ചത്.

ഐജി മനോജ് എബ്രഹാമിന്‍റെ കീഴിൽ 3 ഡിവൈഎസ്പിമാരും 30 ൽ അധികം പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ജസ്നയുടെ തിരോധാനം അന്വേഷിച്ചത്. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും പൊലീസിന് ലഭിച്ചില്ല.

അടിമാലിയിൽ നിന്ന് ടാക്സി വിളിച്ച യുവാവിനൊപ്പമുണ്ടായിരുന്ന പെൺകുട്ടി ജസ്നയാണെന്ന് സംശയിക്കുന്നതായി ടാക്സി ഡ്രൈവർ മൊഴി നൽകിയിരുന്നു. പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട് മുണ്ടക്കയത്ത് കടയുടെ സിസിടിവി ദൃശ്യത്തിൽ കണ്ടെത്തിയത് ജസ്നയാണെന്ന് പൊലീസ് പറഞ്ഞെങ്കിലും മുഖസാദൃശ്യമുളള മറ്റൊരു പെൺകുട്ടിയാണ് ഇതെന്ന് വാദമുയർന്നു.

എന്നാൽ ഈ പെൺകുട്ടിയല്ല ജസ്ന തന്നെയാണ് സിസിടിവിയിൽ കണ്ടതെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. അടുത്തിടെ ഇടുക്കിയിൽ നിന്ന് കണ്ടെത്തിയ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

മാർച്ച് 22 നായിരുന്നു കാഞ്ഞിരപ്പള്ളി സെന്‍റ്  ഡൊമനിക് കോളേജ് വിദ്യാ‍ത്ഥിനി ജസ്നയെ കാണാതായത്. നാല് മാസമായി തുടരുന്ന അന്വേഷണത്തിന്റെ വിശദ വിവരങ്ങൾ പൊലീസ് സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ