കൊച്ചി: ജെസ്ന തിരോധാനക്കേസുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചുവെന്ന് പോലീസ് ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു. കേസുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോഴാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. ഐജി മനോജ്‌ ഏബ്രാഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകദൗത്യസംഘമാണു ജെസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നത്‌.

അന്വേഷണത്തിൽ ലഭിച്ച നിർണായക വിവരങ്ങൾ ഹൈക്കോടതിക്ക് കൈമാറിയ സർക്കാർ ഇക്കാര്യം രഹസ്യമായി സൂക്ഷിക്കണമെന്നും അഭ്യർഥിച്ചു. സർക്കാരിന്‍റെ വാദം പരിഗണിച്ചുള്ള നടപടിയാണ് പിന്നീട് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. സർക്കാർ നൽകിയ വിവരങ്ങൾ പരിശോധിച്ച കോടതി, ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം മുന്നോട്ടുപോകട്ടെ എന്ന് നിരീക്ഷിച്ചു.
ബംഗളുരുവില്‍ കണ്ടതു ജസ്‌നയെ അല്ലെന്നു പ്രത്യേകസംഘം വിലയിരുത്തുന്നു. ജെസ്‌നയ്‌ക്കു പാസ്‌പോര്‍ട്ട്‌ ഇല്ലാത്തതിനാല്‍ വിദേശത്തേക്കു കടക്കാനിടയില്ല. വാഗമണ്‍ പരുന്തുംപാറയ്‌ക്കു സമീപമുള്ള വനത്തില്‍ ജെസ്‌ന എത്തിപ്പെട്ടിരിക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.

കഴിഞ്ഞ മാർച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നുമാണ് ബിരുദ വിദ്യാർഥിനിയായ ജെസ്നയെ കാണാതായത്. കേസിൽ മൂന്ന് മാസത്തിലധികമായി അന്വേഷണം നടത്തുന്ന പോലീസ് ആദ്യമായാണ് തെളുവുകൾ ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്. ദിവസങ്ങളോളം പോലീസ് അന്വേഷണം നടത്തിയെങ്കിലും ഒരു തുന്പും കേസിൽ ലഭിച്ചിരുന്നില്ല. എന്നാൽ അടുത്തിടെ ജെസ്നയുടെ ഫോണ്‍ കോളുകൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഇക്കാര്യം അന്വേഷണ സംഘം പുറത്തുപറയാൻ തയാറായിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.