പ്രണയിനിക്ക് പിറന്നാൾ സമ്മാനമായി എന്തു നൽകും? ഇതാലോചിക്കാത്തവർ വിരളമാണ്. ചിലർ വ്യത്യസ്തമായ സമ്മാനങ്ങൾ കൊണ്ട് കാമുകിയെ ഞെട്ടിപ്പിക്കും. മറ്റു ചിലർ പതിവുപോലെ ഡയറി മിൽക്ക് സിൽക്കും റോസും നൽകും. കാമുകിയെ സംബന്ധിച്ചിടത്തോളം ആ ദിനത്തിൽ കാമുകൻ നൽകുന്ന സമ്മാനം അമൂല്യമായിരിക്കും. ഏതൊരു പെണ്ണും കൊതിക്കുന്ന ഒരു സമ്മാനം നൽകി തന്റെ കാമുകിയെ ഞെട്ടിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരൻ ജെനിത് കാച്ചപ്പിളളി. ഒരു പ്രണയിനിയും സ്വപ്നത്തിൽപ്പോലും ഇതുപോലൊരു സമ്മാനം പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

തന്റെ പ്രണയിനിക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതിയിരിക്കുകയാണ് ജെനിത് . വിൽപ്പനയ്ക്കായല്ല തന്റെ പ്രണയിക്കു വേണ്ടി മാത്രമാണ് ജെനിത് എഴുതിയത്. ‘അക്ഷരങ്ങൾ കൊണ്ട് നെയ്ത പുടവ’ എന്നാണ് പുസ്തകത്തിന്റെ പേര്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പ്രണയിനിക്ക് താൻ നൽകിയ സമ്മാനത്തെക്കുറിച്ച് ജെനിത് എഴുതിയത്. ‘പിറന്നാളിന് വേറൊന്നും വേണ്ട എനിക്ക് വേണ്ടി എന്തെങ്കിലും എഴുതിയാല്‍ മതിയെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതുകയായിരുന്നു’വെന്ന് ജെനിത് പറയുന്നു

ജെനിതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ഇതൊരു പിറന്നാള്‍ സമ്മാനമാണ്… പിറന്നാളിന് വേറൊന്നും വേണ്ട എനിക്ക് വേണ്ടി എന്തെങ്കിലും എഴുതിയാല്‍ മതിയെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതുകയായിരുന്നു… വില്‍പ്പനയ്ക്കുള്ളതല്ല. അവള്‍ക്കു വേണ്ടി മാത്രം എഴുതിയത്… ഞങ്ങളുടെ കഥയും ഞങ്ങള്‍ക്കിടയിലെ കുഞ്ഞു സന്തോഷങ്ങളും എന്‍റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഭ്രാന്തുകളും ചേര്‍ത്ത് 100ലധികം താളുകളിലായി ഒരു പ്രണയപുസ്തകം… ഒരിടത്ത് നിന്നും വാങ്ങിക്കാന്‍ കഴിയാത്തത്… എന്‍റെ ആത്മാവുള്ളത്… ആദ്യം സ്വന്തം വീട്ടുകാര് വായിച്ചത്… ഗിഫ്റ്റ് റാപ്പറില്‍ പൊതിയാന്‍ അമ്മ തന്നെ സഹായിച്ചത്… ആരും സമ്മാനിക്കാത്ത ഏറ്റവും മികച്ചതൊന്ന് അവള്‍ക്കായി സമ്മാനിക്കണമെന്ന എന്‍റെ നിര്‍ബന്ധത്തിലുപരിയായി എന്നോടുള്ള അവളുടെ ആത്മാര്‍ഥമായ സ്നേഹത്തിനുള്ള എന്‍റെ അര്‍പ്പണം… കടപ്പാട്… അതിനെ ഞാന്‍ ‘അക്ഷരങ്ങള്‍ കൊണ്ട് നെയ്ത പുടവ എന്ന് വിളിക്കുന്നു.’ കഴിഞ്ഞ കുറച്ചു നാളുകളായി ഇതിന്‍റെ തിരക്കിലായിരുന്നു… കൃത്യസമയത്ത് എത്തിക്കാനുള്ള ഓട്ടം… അവസാന നിമിഷങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ തലേന്ന് വൈകിട്ട് പ്രിന്‍റ് ചെയ്ത് വാങ്ങിച്ച്, പാതിരയ്ക്ക് വണ്ടിയില്‍ കയറി കിലോമീറ്ററുകള്‍ക്കപ്പുറം അവളുടെ കൈകളില്‍ നേരിട്ട് തന്നെ കൊടുത്തപ്പോഴുള്ള അവളുടെ ഞെട്ടലും സന്തോഷവും നേരിട്ട് കണ്ടു… തൊണ്ടയിടറുന്നത് അറിഞ്ഞു… ആ സന്തോഷത്തില്‍ മനസ് നിറഞ്ഞു… വാക്കുകള്‍ എന്നത്തേക്കുമുള്ള അവളുടെ നിധിയായി മാറുന്നതറിഞ്ഞ് ഇപ്പോള്‍ അഭിമാനിക്കുന്നു… ഇതിലേക്ക് ആശംസാകുറിപ്പുകള്‍ എഴുതിത്തന്നും, “എന്തായി?” “എത്തിയോ?” “കൊടുത്തോ?” എന്ന അന്വേഷണങ്ങളുമായി കൂടെ നിന്ന കൂട്ടുകാര്‍ക്കും കവര്‍ ഡിസൈന്‍ ചെയ്ത് തന്ന Jithu Chandran മച്ചാനും നന്ദി. ഇതിനായി ഞാന്‍ മറ്റ് ജോലിത്തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞവരോട് ക്ഷമാപണം. അവള്‍ക്കും ലോകത്തിലെ ആത്മാര്‍ത്ഥമായ പ്രണയങ്ങള്‍ക്കായി സമര്‍പ്പണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ