കൂത്താട്ടുകുളം: കൂത്താട്ടുകുളം എംസി റോഡിൽ സ്കൂൾ കുട്ടികളുമായി പോയ ജീപ്പ് മതിലിൽ ഇടിച്ച് രണ്ടു വിദ്യാർത്ഥിനികളടക്കം മൂന്ന് പേർ മരിച്ചു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. യുകെജി വിദ്യാർത്ഥിനികളായ നയന, ആൻമരിയ എന്നിവരും ജീപ്പ് ഡ്രൈവർ സിബിയുമാണ് മരിച്ചത്. 12 കുട്ടികൾക്ക് പരുക്കേറ്റു.

പരുക്കേറ്റ കുട്ടികളെയെല്ലാം കൂത്താട്ടുകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  രാവിലെ എട്ടരയോടെ എംസി റോഡിൽ പുതുവേലിയിലാണ് സംഭവം. എതിരെ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ ജീപ്പ് ഡ്രൈവർ വാഹനം വെട്ടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ജീപ്പ് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ച് മറിഞ്ഞുവെന്നാണ് ദൃക്സാക്ഷികളിൽ നിന്ന് ലഭിക്കുന്ന വിവരം.

വിദ്യാർത്ഥികളെ  സ്കൂളിലെത്തിക്കുന്നതിന് മാനേജ്മെന്റ് കരാറടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വാഹനമാണിതെന്നാണ് വിവരം. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് അനൗദ്യോഗിക വിവരം. അതേസമയം, അപകടം നടക്കുന്നതിന് തൊട്ട് മുൻപ് ഡ്രൈവർ ബ്രേക്ക് നഷ്ടപ്പെട്ടതായി പറഞ്ഞുവെന്ന് ഒരു കുട്ടി ഡോക്ടറോട് പറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ