ന്യൂഡല്‍ഹി. ഏറെ അനിശ്ചിതത്വങ്ങൾക്കും ചര്‍ച്ചകള്‍ക്കും ശേഷം കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായ ജെബി മേത്തറെയാണ് എഐസിസി തിരഞ്ഞെടുത്തത്. ജെബിക്ക് പുറമെ എം.ലിജു, ജെയ്സണ്‍ ജോസഫ് എന്നിവരുടെ പേരും ഉയര്‍ന്നു വന്നിരുന്നു.
സ്ഥാനാര്‍ഥിത്വം സ്ത്രീകള്‍ക്കും യുവതയ്ക്കും ലഭിച്ച അംഗീകാരമാണെന്ന് ജെബി മനോരമ ന്യൂസിനോട് പറഞ്ഞു. “പരിഗണിക്കപ്പെട്ടവര്‍ ആരും തന്നെ തഴയപ്പെടേണ്ടവരല്ല. എം.ലിജു കോണ്‍ഗ്രസിന്റെ മുന്‍ നിരയിലുള്ള യുവ നേതാവാണ്. പല കാര്യങ്ങളും കണക്കിലെടുത്താണ് നേതൃത്വം ഈ തീരുമാനത്തിലെത്തിയതെന്നാണ് വിശ്വസിക്കുന്നത്,” ജെബി കൂട്ടിച്ചേര്‍ത്തു.
എഐസിസി ചുരുക്കപ്പട്ടിക സമര്‍പ്പിച്ചതിന് മൂന്ന് മണിക്കൂറിനുള്ളില്‍ തന്നെ ഹൈക്കമാന്‍ഡ് തീരുമാനത്തിലെത്തിയിരുന്നു. ഒരു സീറ്റിലേക്ക് നിരവധി പേരുകള്‍ എത്തിയതോടെ പ്രഖ്യാപനം വൈകുമെന്ന സൂചനകള്‍ വന്നിരുന്നു. എങ്കിലും സ്ത്രീ, യുവത, ന്യൂനപക്ഷം എന്നിവ ജെബിയുടെ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുന്നതിലേക്ക് നയിച്ചു.
1980 ന് ശേഷം ഇത് ആദ്യമായാണ് കോണ്‍ഗ്രസില്‍ നിന്നൊരു വനിത രാജ്യസഭയിലേക്ക് എത്തുന്നതെന്ന പ്രത്യേകതയും ജെബിയുടെ സ്ഥാനാര്‍ഥിത്വത്തിനുണ്ട്. ആലുവ നഗരസഭ കൗണ്‍സിലര്‍ കൂടിയാണ് ജെബി. എഐസിസി അംഗവും കെപിസിസി സെക്രട്ടറിയുമാണ്. ലതിക സുഭാഷ് രാജിവച്ച സാഹചര്യത്തിലായിരുന്നു ജെബി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തിയത്.
Also Read: തൊടുപുഴയില്‍ പിതാവിന്റെ ക്രൂരത; മകനേയും കുടുംബത്തേയും തീവച്ച് കൊലപ്പെടുത്തി