കൊച്ചി: നടൻ ലാലിന്റെ മകനും സംവിധായകനുമായ ജീൻ പോൾ ലാലിനെതിരായ കേസ് ഒത്തുതീർപ്പാക്കാനാവില്ലെന്ന് പൊലീസ്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രിമിനൽ കേസാണ് റജിസ്റ്റർ ചെയ്തിട്ടുളളത്. അനുമതി ഇല്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ ചിത്രീകരിച്ചതും സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം ചോദിച്ചപ്പോൾ അശ്ലീലകരമായി സംസാരിച്ചതും ക്രിമിനൽ കുറ്റമാണ്. സാമ്പത്തിക പ്രശ്നങ്ങൾ മാത്രമേ ഒത്തുതീർപ്പാക്കാനാവൂ. ക്രിമിനൽ കേസ് നിലനിൽക്കും. പരാതിക്കാർക്ക് പരാതി ഇല്ലെങ്കിലും കേസ് നിലനിൽക്കുമെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണവും ഉണ്ട്. ഈ സാഹചര്യത്തിൽ ക്രിമിനൽ കേസ് നിലനിൽക്കുമെന്നാണ് പൊലീസ് പറയുന്നത്.

നേരത്തെ ജീൻ പോൾ ലാലിനെതിരെ പരാതിയില്ലെന്നും കേസിലെ നാലുപേർക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്നും നടി കോടതിയെ അറിയിച്ചിരുന്നു. ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നുമുള്ള യുവ നടിയുടെ പരാതിയിലാണ് ചലച്ചിത്രതാരം ലാലിന്റെ മകൻ ജീൻ പോൾ ലാൽ, യുവ നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേർക്കെതിരെ കേസെടുത്തത്. കൊച്ചിയിലെ പനങ്ങാട് പൊലീസാണ് കേസ് എടുത്തത്.

2016 നവംബറിലാണ് സംഭവം. ഹണി ബീ 2 എന്ന ചിത്രത്തിൽ അഭിനയച്ചതിന്റെ പ്രതിഫലം നൽകാതെ വഞ്ചിച്ചുവെന്നും, ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് പരാതി. ശ്രീനാഥ് ഭാസി, ചിത്രത്തിന്റെ ടെക്നീഷ്യൻമാരായ അനൂപ്, അനിരുദ്ധ് എന്നിവരും തന്നെ അപമാനിച്ചുവെന്ന് പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു. വഞ്ചനയ്ക്കും, ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് പൊലീസ് കേസ് എടുത്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർക്കാണ് യുവ നടി പരാതി നൽകിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ