തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു. ഒറ്റക്കെട്ടായി ഇടതുപക്ഷത്തേക്ക്. യു.ഡി.എഫ്. വിട്ട് എല്‍.ഡി.എഫിലേക്കു പോകാന്‍ ഇന്നലെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് കൈക്കൊണ്ട തീരുമാനം ഉച്ചയ്ക്ക് സംസ്ഥാന സമിതി ശരിവച്ചു. ഇന്നു സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. വീരേന്ദ്രകുമാർ തന്നെയാകും പ്രഖ്യാപനം നടത്തുക.
ഏറെ നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് അന്ത്യംകുറിച്ചുകൊണ്ടാണ് എൽഡിഎഫിലേക്ക് തിരികെ മടങ്ങാൻ ജെഡിയുവിന്റെ തീരുമാനം. ഇടത് മുന്നണിയിലേക്ക് ചേരാൻ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചു. എൽഡിഎഫിലേക്ക് ചേക്കേറാൻ ഇതാണ് യഥാർഥ സമയമെന്ന് എം.പി.വീരേന്ദ്രകുമാർ പറഞ്ഞു.
സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഒന്നടങ്കമാണ് തീരുമാനം കൈകൊണ്ടത്. മുന്നണി മാറ്റത്തില്‍ എതിരഭിപ്രായമുണ്ടായിരുന്ന കെ.പി.മോഹനനും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ തയ്യാറായി. തീരുമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
നേരത്തെ ജെഡിയു യുഡിഎഫ് വിട്ട് പുറത്തുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യത്തില്‍ ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശനം സുഗമമാകുമെന്നാണ് വിലയിരുത്തലുകള്‍. സിപിഐ അടക്കമുള്ള ഘടക കക്ഷികളും ജെഡിയുവിന്റെ മുന്നണി പ്രവേശനത്തിന് അനുകൂല നിലപാടിലാണ്.