കോഴിക്കോട്: യുഡിഎഫ് വിടുന്ന കാര്യമോ എൽഡിഎഫിൽ ചേരുന്ന കാര്യമോ ഇപ്പോൾ ചർച്ച ചെയ്തിട്ടില്ലെന്ന് എം.പി.വീരേന്ദ്രകുമാർ എംപി. അതേസമയം, നിതീഷ് കുമാറിന്റെ പാർട്ടിയുടെ എംപിയായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ യുണൈറ്റഡ് യുഡിഎഫ് വിട്ട് ഇടതുമുന്നണിയില്‍ ചേരുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് വീരേന്ദ്ര കുമാറിന്റെ പ്രതികരണം.

കേരളത്തില്‍ പാർട്ടി ഇപ്പോൾ യുഡിഎഫിലാണ് നിൽക്കുന്നത്. എല്‍ഡിഎഫിലേക്ക് പോകണോ എന്ന കാര്യം പാര്‍ട്ടിയുടെ സംസ്ഥാനസമിതിയാണ് തീരുമാനിക്കേണ്ട്. അക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. എൽഡിഎഫ് നേതാക്കളുമായി ചർച്ച നടത്തിയിട്ടില്ല. ജെഡിയുവിൽ ലയിക്കേണ്ടിയിരുന്നില്ല. ദേശീയതലത്തിൽ ജനതാദൾ യു വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എസ്ജെഡിയായി നിന്നാല്‍ മതിയായിരുന്നുവെന്നും വേണ്ടി വന്നാല്‍ എസ്ജെഡി പുനരുജ്ജീവിപ്പിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അതേസമയം, യുഡിഎഫ് വിടുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജെഡിയു ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് ജോര്‍ജ് രംഗത്തെത്തി. പാര്‍ട്ടി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല. 5 മാസമായി പാര്‍ട്ടി കമ്മിറ്റി ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശനത്തെ സിപിഎം ദേശീയ നേതൃത്വം സ്വാഗതം ചെയ്തു. എന്നാൽ വിരേന്ദ്രകുമാറുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ജെഡിയു ഔദ്യോഗികമായി തീരുമാനിക്കട്ടെ എന്നിട്ട് പ്രതികരിക്കാമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.