കോഴിക്കോട്: സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രൂപം കൊളളുന്നു.  ദേശീയ തലത്തിലെ അഭിപ്രായവ്യത്യാസമാണ് കേരളത്തിലും പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നത്. എം പി. വീരേന്ദ്രകുമാറിന്രെ ജെ ഡിയു ആണ് രാഷ്ട്രീയത്തിലെ പുതിയ ചേരുവ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ദേശീയ തലത്തിൽ ശരത് യാദവിന്രെ പാർട്ടിക്ക് പകരം നിതീഷ് കുമാറിന്രെ പാർട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയതോടെയാണ് ഈ തീരുമാനം. ജനതാദൾ എസ്സുമായി ലയിക്കണോ പഴയ സോഷ്യലിസ്റ്റ് ജനതാദൾ പുനരജ്ജീവിപ്പിക്കണോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചർച്ച

യുഡിഎഫിലെ പ്രമുഖ പാർട്ടിയായ  എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദൾ യുണൈറ്റഡ്, ജനതാദൾ സെക്കുലറുമായി ലയിക്കാനാണ് തീരുമാനമെടുക്കാൻ വീരേന്ദ്രകുമാറും അദ്ദേഹവുമായി അടുപ്പമുളളവരുടെ താൽപര്യം. അങ്ങനെയെങ്കിൽ  ജനതാദൾ യുണൈറ്റഡ് വലത് ചേരി വിടേണ്ടി വരും. .പഴയ സോഷ്യലിസ്റ്റ് ജനതാദൾ പുനരുജ്ജീവിപ്പിക്കാനാണ് ഇരുപാർട്ടികളുടെയും തീരുമാനമെങ്കിലും മുന്നണി മാറ്റം ആവശ്യമായി വരും. പക്ഷേ വീരേന്ദ്രകുമാർ മാത്രമാണ് പുതിയ പാർട്ടിയുണ്ടാക്കുന്നതെങ്കിൽ ആ പ്രതിസന്ധിയുണ്ടാകില്ല.  യുഡിഎഫ് നൽകിയ എംപി പദവി വീരേന്ദ്രകുമാർ ഉടൻ രാജിവയ്ക്കുമെന്ന വാർത്ത അദ്ദേഹം മുന്നണി വിടാൻ തീരുമാനിച്ചുവെന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.

ഡിസംബർ 17ന് ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനൊപ്പം നിൽക്കുമെന്നാണ് നിലപാട്.

ഇതേ സമയം, വീരേന്ദ്രകുമാറിനൊപ്പം നിൽക്കുന്നവർക്കിടിയിൽ അഭിപ്രായ വ്യത്യാസം ഉയർന്നിട്ടുണ്ട്. ഷേയ്ക്ക് പി.ഹാരിസ്, വർഗീസ്  ജോർജ് എന്നിവർ ഈ നിലപാടിൽ അഭിപ്രായ വ്യത്യസമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കോഴിക്കോട് ലോകസഭാ സീറ്റ് വീരേന്ദ്രകുമാറിന്രെ പാർട്ടിയിൽ നിന്നും സി പി  എം ഏറ്റെടുത്തതിൽ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാറും കൂട്ടരും എൽ ഡി എഫ് വിട്ടുപോയത്.  2009ൽ എൽ ഡി എഫ് വിടാനുളള വീരേന്ദ്രകുമാറിന്രെ തീരുമാനത്തെ തുടർന്ന് പാർട്ടി പിളർന്നു. ഒരു വിഭാഗ എൽ ഡി എഫിനൊപ്പം ഉറച്ചു നിന്നു. വീരേന്ദ്രകുമാർ 2009 ൽ ലോകസഭയിലേയ്ക്ക് മത്സരിച്ചില്ല. എന്നാൽ 2014 ലെ തിരഞ്ഞെടുപ്പിൽ വീരേന്ദ്രകുമാർ കോഴിക്കോട്, വടകര, വയനാട്, എന്നീ ലോകസഭാ മണ്ഡലങ്ങളിലേതെങ്കിലും പാർട്ടിക്ക് വേണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഈ മൂന്നു സീറ്റും കോൺഗ്രസ്സിന്രെ സിറ്റിങ് സീറ്റാണെന്നും വിട്ടു നൽകാനാകില്ലെന്നും അവർ വ്യക്തമാക്കി. പിന്നീട് വീരേന്ദ്രകുമാറിന് പാലക്കാട് ലോകസഭാ സീറ്റ് നൽകി. എന്നാൽ അവിടെ സിറ്റിങ് എം പിയായിരുന്ന  സി പി എമ്മിന്രെ എം ബി രാജേഷിനോട് കനത്ത തോൽവിയാണ് വീരേന്ദ്രകുമാർ ഏറ്റുവാങ്ങിയത്. ഇതോടെ വീരേന്ദ്രകുമാറും യു ഡി എഫും തമ്മിലുളള ബന്ധം ഇടഞ്ഞു. എന്നാൽ പിന്നീട്, അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് യു ഡി എഫ് നൽകി. ഇതേ സമയം വീരേന്ദ്രകുമാറിന്രെ മകനും വയനാട്ടിൽ നിന്നുളള മുൻ എം എൽ എയുമായ എം. വി ശ്രേയാംസ് കുമാറും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും തോറ്റു. ജെ ഡി യു വിന് ഇത്തവണ നിയമസഭയിൽ പ്രാതിനിധ്യം ഇല്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ