/indian-express-malayalam/media/media_files/uploads/2017/02/mathew.jpg)
ബെംഗലുരു: ഇടതുപക്ഷത്തെ ഘടകക്ഷിയായ ജെഡിഎസിന്റെ മന്ത്രിസ്ഥാനം ഒഴിയാൻ മാത്യു ടി തോമസിനോട് ജെഡിഎസ് നിർദ്ദേശിച്ചു. മന്ത്രിസ്ഥാനം ചിറ്റൂർ എംഎൽഎ കെ കൃഷ്ണൻകുട്ടിക്ക് നൽകാനാണ് നിർദ്ദേശം. ബെംഗലുരുവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയാണ് ഈ കാര്യം പത്രസമ്മേളനത്തിൽ പറഞ്ഞത്.
മന്ത്രിസ്ഥാനത്തെച്ചൊല്ലി ജെഡിഎസ് കേരള ഘടകത്തിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതാക്കള്‍, ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയുമായി ചർച്ച നടത്തി. കെ.കൃഷ്ണന്‍കുട്ടി, സി.കെ.നാണു എന്നിവരാണ് ദേവഗൗഡയുമായി ചർച്ച നടത്തിയത്.
മാത്യു ടി.തോമസിനെ മന്ത്രിസഭയിൽനിന്ന് മാറ്റി പകരം കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണം എന്ന ആവശ്യം ഉന്നയിച്ചുളള കത്ത് ജെഡിഎസ് ഇടതുമുന്നണിക്ക് നല്‍കും. രണ്ടര വര്‍ഷം കഴിഞ്ഞ് മന്ത്രിയെ മാറ്റാന്‍ ധാരണയുണ്ടായിരുന്നതായി ദേവെഗൗഡ പറഞ്ഞതായി സി.കെ.നാണു അറിയിച്ചു.
എന്നാൽ തീരുമാനത്തോട് മാത്യു ടി തോമസിന് അനുകൂല അഭിപ്രായമില്ല. പാർട്ടി പിളർപ്പിലേക്ക് നീങ്ങുമെന്ന ആശങ്കയും ജെഡിഎസിനുണ്ട്. പരസ്യമായി പ്രതിഷേധിക്കരുതെന്നു മാത്യു ടി.തോമസിനോടു നേതൃത്വം അഭ്യര്‍ഥിച്ചു.
മൂന്നു പേരെയും വിളിച്ചുചേർക്കാൻ മൂന്നാഴ്ച മുമ്പും ഗൗഡ ശ്രമിച്ചിരുന്നു. പങ്കെടുക്കാൻ തയാറല്ലെന്നു മാത്യു ടി. തോമസ് അന്നും അറിയിച്ചതോടെ ആ ചർച്ച വിജയിച്ചില്ല. ഇന്നലെയും ഇന്നുമായി നടന്ന ചർച്ചയിലും മാത്യു ടി തോമസ് പങ്കെടുത്തില്ല.
തനിക്കും കുടുംബത്തിനുമെതിരെ സമീപകാലത്തുണ്ടായ ആരോപണങ്ങൾ മന്ത്രിസ്ഥാനം ലക്ഷ്യമിട്ടുള്ളതാണെന്ന പരാതി മാത്യു ടി തോമസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെന്ന പരാതി മാത്യു ടി തോമസ് പക്ഷത്തിനുണ്ട്. തന്നെ അപമാനിച്ചു പുറത്താക്കാൻ ശ്രമിക്കുന്നവരുമായി സന്ധിസംഭാഷണമില്ലെന്ന പ്രതിഷേധത്താലാണു മാത്യു ടി.തോമസ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്നാണു സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.