തിരുവനന്തപുരം: മറ്റൊരു ലയനത്തിന് സാക്ഷിയാകാനൊരുങ്ങുകയാണ് കേരള രാഷ്ട്രീയം. ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയാറാണെന്ന് ജെഡിഎസ് വ്യക്തമാക്കി. ഇക്കാര്യത്തിൽ എൽജെഡി നേതാവ് എം.പി.വീരേന്ദ്രകുമാറുമായി പ്രാഥമിക ചർച്ച നടത്തിയെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ സി.കെ.നാണു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ലയനത്തിന് മറ്റു തടസങ്ങളിലെന്ന് എൽജെഡി നേതാവ് എം.വി.ശ്രേയാംസ് കുമാറും പറഞ്ഞു.
സോഷ്യലിസ്റ്റ് കക്ഷികൾ ഒരുമിക്കേണ്ട സമയമാണിതെന്ന് സി.കെ.നാണു പറഞ്ഞു. ഇരു പാർട്ടികൾക്കും ലയനത്തിൽ താൽപ്പര്യമുണ്ടെന്നും ജനതാദൾ എന്ന പ്രസ്ഥാനം ഭിന്നിച്ചുപോകാതെ ഒരുമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് ജെഡിഎസിന്റെ അഭിപ്രായം. ജെഡിഎസ് സംസ്ഥാന സമിതിയിലും ലയനം വേണമെന്ന അഭിപ്രായമുയർന്നിരുന്നു.
Also Read: ഭാര്യയെ കൊന്നശേഷം കാണാനില്ലെന്ന് പരാതി; ഉദയംപേരൂരില്‍ നടന്നത് സിനിമാ സ്റ്റൈല്‍ കൊലപാതകം
ജെഡിഎസിന്റെ ഭാഗത്ത് നിന്നാണ് ലയന നിർദേശമുണ്ടായതെന്ന് എം.വി.ശ്രേയംസ്കുമാർ പറഞ്ഞു. ജെഡിഎസുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും പാർട്ടിയിൽ ചർച്ച ചെയ്ത ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുവെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read: പൊതുമിനിമം പരിപാടി മഹാരാഷ്ട്രയിൽ മാത്രം; പൗരത്വ ബില്ലിനെ പിന്തുണച്ചതിൽ വിശദീകരണവുമായി ശിവസേന
എൽജെഡി യുഡിഎഫ് വിട്ട് എൽഡിഎഫിന്റെ ഭാഗമായതോടെയാണ് ലയന ചർച്ചകൾ സജീവമാകുന്നത്. എന്നാൽ ദേശീയ തലത്തിൽ എച്ച്.ഡി.ദേവെഗൗഡയുടെയും ശരദ് യാദവിന്റെയും നേതൃത്വത്തിൽ രണ്ടു പാർട്ടികളായി പ്രവർത്തിക്കുന്നവർ കേരളത്തിൽ മാത്രം എങ്ങനെ ഒന്നിക്കുമെന്ന ചോദ്യവും ശക്തമാണ്.