തിരുവനന്തപുരം: മുതിര്‍ന്ന ആര് എസ് പി നേതാവും മുൻ ദേശീയ ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ടി ജെ ചന്ദ്രചൂഡന് അന്തരിച്ചു 83 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
2008 മുതല്‍ 2018 വരെയാണ് ആര് എസ് പി ദേശീയ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഈ മാസം നടന്ന സംസ്ഥാന സമ്മേളനത്തില്‍ അദ്ദേഹത്തെ സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തിയിരുന്നു. കോളജ് അധ്യാപകനായിരുന്ന ചന്ദ്രചൂഡന് പി എസ് സി അംഗമായിരുന്നു. ആര്യനാട് നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
ശൗര്യവും ആവേശവും ശൈലിയും കെടാതെ സൂക്ഷിച്ചയാൾ: പ്രതിപക്ഷ നേതാവ്
ഇടതുപക്ഷ രാഷ്ട്രീയം പറഞ്ഞിരുന്ന തലയെടുപ്പുള്ള നേതാവിനെയാണ് പ്രൊഫ.ടി.ജെ ചന്ദ്രചൂഡന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ആര്.എസ്.പിയിലെ പഴയ തലമുറ നേതാക്കളുടെ പരമ്പരയിലെ അവസാന കണ്ണി. ശൗര്യവും ആവേശവും ശൈലിയും കെടാതെ സൂക്ഷിച്ചയാളാണ് ചന്ദ്രചൂഡനെന്നും സതീശന് അനുസ്മരിച്ചു.
നിലപാടുകളിലെ കാര്‍ക്കശ്യം, എല്ലാവരും ബഹുമാനപൂര്‍വം സാര്‍ എന്ന് വിളിച്ചയാള്‍. വിഷയങ്ങളിലുള്ള അസാധാരണ അറിവ്, അതിനെ വിശകലനം ചെയ്യാനുള്ള അനിതരസാധാരണമായ കഴിവ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. നിലപാടെടുക്കുമ്പോഴും അത് പറയുമ്പോഴും വാക്കുകള്‍ ചിലപ്പോള്‍ കര്‍ശനമാകും . അതിന്റെ പ്രത്യാഘാതമോ മറ്റുള്ളവര്‍ക്ക് അത് അനിഷ്ടമുണ്ടാക്കുമോ എന്നതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല. അനുഭവങ്ങളുടെ തീച്ചൂളയില്‍ വളര്‍ത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉള്‍ക്കാഴ്ചയും ചന്ദ്രചൂഡനുണ്ടായിരുന്നു. പാര്‍ട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോള് പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റു നോക്കിയ നേതാവായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തില്‍ ആര്.എസ്.പിയുടെ മുഖമായിരുന്നു ചന്ദ്രചൂഡന് സര്. അദ്ദേഹത്തിന്റെ വിയോഗം യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രതിപക്ഷ നേതാവ് പ്രസ്താവയില്‍ പറഞ്ഞു.