തിരുവനന്തപുരം: സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി ഡ്രൈവർ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാട്ടാക്കട സ്വദേശി ശ്രീമംഗലം വീട്ടിൽ സംഗീതിനെയാണ് കൊലപ്പെടുത്തിയത്.

തിരുവനന്തപുരം കാട്ടാക്കട അമ്പലത്തിൻകാല കാഞ്ഞിരവിളയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.  പ്രതി എന്ന് സംശയിക്കുന്ന ജെസിബി ഡ്രൈവർ സജു ഉൾപ്പെടെയുള്ളവർ ഒളിവിലാണെന്നാണ് വിവരം.

സജു, ഉത്തമൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമി സംഘം മണ്ണെടുപ്പിന് എത്തിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സംഗീതിനെ ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ അക്രമി സംഘം രക്ഷപ്പെടുകയും ചെയ്തു.

പ്രതികളെ തിരിച്ചറിയാമെന്ന് സംഗീതിന്റെ ഭാര്യ പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. വഴിയിലേക്ക് മണ്ണിട്ടപ്പോഴാണ് അക്രമി സംഘമാണെന്ന് മനസിലായതെന്നും ഭാര്യ സംഗീത പറയുന്നു.

പ്രവാസിയായിരുന്ന സംഗീത് ഇപ്പോള്‍ നാട്ടില്‍ ചിക്കന്‍ സ്റ്റാളുകളും മറ്റു നടത്തിയാണ് ജീവിക്കുന്നത്. വീടിനോട് ചേര്‍ന്നുള്ള വിശാലമായ പുരയിടത്തില്‍ നിന്നും മണ്ണെടുക്കാന്‍ വനംവകുപ്പിന് സംഗീത് അനുമതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചയോടെ സ്ഥലത്ത് എത്തിയ സംഗീത് മറ്റൊരു സംഘം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് കടത്തുന്നതാണ് കണ്ടത്.

പ്രദേശത്ത് നിന്നും സ്ഥിരമായി മണ്ണ് കടത്തുന്നയാളാണ് ചാരുപാറ സ്വദേശി സജുവെന്നും സംഭവ ശേഷം രക്ഷപ്പെട്ട ഇയാള്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. ജെസിബിയുടെ അടിയേറ്റ് വീണ സംഗീതിനെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ചാരുപാര സ്വദേശിയും ജെസിബി ഡ്രൈവറുമായ സജുവടക്കം നാല് പേരെ പ്രതികളാക്കി കേസെടുത്തിട്ടുണ്ട്. കാട്ടാക്കട ഭാഗത്തെ മണ്ണുക്കടത്തുകാരില്‍ പ്രധാനിയാണ് സജുവെന്ന് നാട്ടുകാര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.