കണ്ണൂർ: ഇന്ന് ശിശുദിനമാണെന്ന് തന്നെ ഓര്‍മ്മിപ്പിച്ചത് കൊച്ചുമകനാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് കൊച്ചുമകനൊപ്പമുളള ചിത്രത്തിനൊപ്പം അദ്ദേഹം എല്ലാവര്‍ക്കും ശിശുദിനാശംസകള്‍ നേര്‍ന്നത്. ഓഫീസിലേക്ക് തിരക്കിട്ട് ഇറങ്ങുമ്പോഴാണ് കൊച്ചു മകൻ താനും വെളളക്കുപ്പായമിട്ടാണ് സ്കൂളില്‍ പോകുന്നതെന്ന് പറഞ്ഞതെന്ന് ജയരാജന്‍ പറഞ്ഞു.

‘രാവിലെ തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോഴാണ് കൊച്ചു മകൻ തൃകെ അച്ചാച്ഛാ ഞാനും ഇന്ന് അച്ചാച്ഛനെ പോലെ വെള്ളക്കുപ്പായമിട്ടാണ് സ്കൂളിൽ പോകുന്നതെന്ന് പുഞ്ചിരിയോടെ പറഞ്ഞത്. രാഷ്ട്രീയ തിരക്കിനിടയിൽ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചാലും നടക്കാറില്ല. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ഏറെ സന്തോഷം പകരുന്ന ഒന്നാണ്. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനത്തെ കുറിച്ച് കൊച്ചുമകൻ ഓർമ്മപ്പെടുത്തുകയായിരുന്നു. കുട്ടികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത രാഷ്ട്ര ശിൽപി ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ നേരുന്നു,’ ജയരാജന്‍ കുറിച്ചു.

നവംബര്‍ 14-ാം തീയതി മറ്റൊരു ശിശുദിനം കൂടി ആഘോഷിക്കുമ്പോള്‍ ഇന്ത്യയിലെ ഭാവി തലമുറക്കാരായ കുട്ടികളുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വളരെ ഗൗരവപൂര്‍വം ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമാണ്. ഐക്യരാഷ്ട്ര സംഘടന അന്തര്‍ദേശീയ തലത്തില്‍ നവംബര്‍ 20-ാം തീയതി ആഗോള ശിശുദിനമായി ആചരിക്കുന്നു. യുഎന്‍ ആഹ്വാനപ്രകാരം ആദ്യത്തെ സാർവ്വദേശീയ ശിശുദിനമായി ആചരിക്കപ്പെട്ടത് 1954 നവംബര്‍ 20 നാണ്. ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി വി.കെ.കൃഷ്ണമേനോന്റെ ഇടപെടലുകളാണ് ഈ പ്രഖ്യാപനത്തിന് പിന്നില്‍. തുടര്‍ന്ന് 1959 നവംബര്‍ 20-ാം തീയതി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സാർവ്വദേശീയ ബാലാവകാശ പ്രഖ്യാപനരേഖ അംഗീകരിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നവംബര്‍ 14-ാം തീയതി ശിശുദിനമായി കൊണ്ടാടുന്നു.

നെഹ്‌റു കുട്ടികളുടെ നിഷ്‌കളങ്കതയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ‘കുഞ്ഞുങ്ങളുടെ മനസില്‍ മാത്രമേ പൂവിന്റെ പരിശുദ്ധിയുള്ളൂവെന്നും കുഞ്ഞുങ്ങളുടെ ചിരിയില്‍ മാത്രമേ സൗമ്യതയുടെ സുഗന്ധമുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്നവരുടെ മനസിലെ അടിയുറച്ച പകയുടെ വാള്‍മുന പൊളിച്ചുകളയണമെങ്കില്‍ ഒരു കുഞ്ഞുമായി നിഷ്‌കളങ്കതയോടെ ഇടപെട്ടാല്‍ മതിയെന്നും ’നെഹ്‌റു കൂട്ടിച്ചേര്‍ക്കുന്നു. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി നിലനില്‍ക്കുന്നത് അവിടത്തെ കുട്ടികളുടെ ക്ഷേമത്തിലും സംരക്ഷണത്തിലുമാണ്.

സന്തോഷത്തോടും സംതൃപ്തിയോടും വളരുന്ന കുട്ടികള്‍ രാഷ്ട്രത്തിന്റെ ശക്തിയും സമ്പത്തുമായിരിക്കും. അതുകൊണ്ട് വളരുന്ന കുഞ്ഞിലൂടെയാണ് നാം ഇന്ത്യയെ കാണേണ്ടതെന്ന് ഗാന്ധിജി ഒരിക്കല്‍ സൂചിപ്പിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. ബാലാവകാശങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെ വ്യാപകമായി അതിക്രമങ്ങളും പലതരത്തിലുള്ള അവഗണനയും നേരിടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ