തിരുവനന്തപുരം: സി പി എം കേന്ദ്രകമ്മിറ്റിയംഗവും എല്‍ ഡി എഫ്. കണ്‍വീനറുമായ ഇ.പി. ജരാജനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി സംസ്ഥാന സമിതി അംഗം പി. ജയരാജന്. ഇ പി ജയരാജന് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണം പി.ജയരാജന് സംസ്ഥാന കമ്മിറ്റിയിലാണ് ഉന്നയിച്ചത്.
തന്റേതായി പുറത്തുവന്ന ആരോപണം പൂര്‍ണമായി തള്ളാതെയായിരുന്നു പി ജയരാജന്റെ പിന്നീടുള്ള പ്രതികരണം. വ്യക്തിപരമായ ആക്ഷേപം ഉന്നയിക്കാനല്ല, പാര്‍ട്ടിയിലെ തെറ്റായ പ്രവണതകള്‍ക്കതിരെയുള്ള തെറ്റു തിരുത്തല്‍ രേഖ ചർച്ച ചെയ്യാനാണു സംസ്ഥാന സമിതി ചേർന്നതെന്നു ജയരാജൻ പറഞ്ഞു. തെറ്റായ പ്രവണതകള്‍ക്കെതിരെ ഉള്‍പ്പാര്‍ട്ടി സമരം സ്വാഭാവികമായും നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തില്‍ പലരും സംസാരിച്ചിട്ടുണ്ട്. അതു മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നതു ശരിയല്ല. പാര്‍ട്ടിയെടുത്ത തീരുമാനമാണു ജനങ്ങളുമായി പങ്കുവയ്ക്കുന്നത്. അതു പാര്‍ട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇ പി ക്കെതിരെയുള്ള ആരോപണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇ പി ജയരാജന് അത്തരമൊരു റിസോര്‍ട്ട് നടത്തുന്നതായി താന്‍ ഇതുവരെ ശ്രദ്ധിച്ചിട്ടോ മനസിലാക്കിയിട്ടോ ഇല്ല. നാട്ടില്‍ പലപദ്ധതികളും നടക്കുന്നുണ്ടാവും. അതിനെക്കുറിച്ച് അഭിപ്രായം ചോദിച്ചാല്‍ താന്‍ എന്താണ് പറയുക? നിങ്ങള്‍ പറയുന്ന ആ പ്രദേശത്ത് താന്‍ പോയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.
താന്‍ ആരോപണം ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഇപിക്കെതിരെ അന്വേഷണം വേണമെന്നും സംസ്ഥാന സമിതിയില്‍ പി.ജയരാജന് ആവശ്യപ്പെട്ടതായാണു റിപ്പോർട്ട്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന് കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയുര്‍വേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്ന് പി. ജയരാജന് ആരോപിച്ചതായാണ് റിപ്പോര്‍ട്ട്.
കണ്ണൂര്‍ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് പി.ജയരാജന് രണ്ടു ദിവസം മുന്‍പ് ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ആരോപണം ഉന്നയിച്ചത്. ഇ.പി.ജയരാജന്റെ ഭാര്യയും മകനും ഉടമകളായ കമ്പനി റിസോര്‍ട്ടിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാണെന്ന് പി.ജയരാജന് ആരോപിച്ചു. പാര്‍ട്ടി നേതാക്കള്‍ തെറ്റായ വഴിക്കു സഞ്ചരിക്കുന്നതു തടയാനായി അടിയന്തര കടമകള്‍ എന്ന രേഖ ചര്‍ച്ച ചെയ്യുമ്പോഴാണ് പി.ജയരാജന് ആരോപണം ഉന്നയിച്ചത്.