scorecardresearch

അന്ന് 98, ഇന്ന് 12; ഇനിയും ഈ മിണ്ടാപ്രാണികളെ കുരുതി കൊടുക്കണോ?

അർധ പട്ടിണിയിൽ മാനുകൾ; ജയപ്രകാശ് നാരായൺ പാർക്കിന് നല്ലകാലം സ്മൃതി മാത്രം

അന്ന് 98, ഇന്ന് 12; ഇനിയും ഈ മിണ്ടാപ്രാണികളെ കുരുതി കൊടുക്കണോ?
വാളയാർ മാൻ പാർക്ക്. ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ

പാലക്കാട്: പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമമായ വാളയാറിലെ മാന്‍ പാര്‍ക്ക് ഒരു കാലത്ത് സഞ്ചാരികള്‍ക്ക് ദൃശ്യ വിരുന്നേകിയിരുന്നു. പുള്ളിമാനുകളും മ്ലാവുകളും ഓടിക്കളിച്ചിരുന്ന പാർക്ക് ഇന്നൊരു ദുരന്ത ചിത്രമാണ്. 98 മാനുകള്‍ ഉണ്ടായിരുന്ന പാര്‍ക്കില്‍ ഇപ്പോഴുള്ളത് 12 മ്ലാവുകള്‍ മാത്രം. ഇവിടെ കൂടുതലായി ഉണ്ടായിരുന്ന പുള്ളിമാനുകളിൽ ഇപ്പോൾ ഒന്നുപോലുമില്ല. അവശേഷിക്കുന്ന മ്ലാവുകളെയെങ്കിലും എങ്ങനെ സംരക്ഷിക്കുമെന്നറിയാതെ വലയുകയാണ് പാര്‍ക്ക് ജീവനക്കാര്‍.

deer park, deer park walayar, animal protection, palakkad, walayar, hariharan subramaniam
വാളയാർ മാൻ പാർക്ക്. ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ

1997 ലാണ് ലോക് നായക് ജയപ്രകാശ് നാരായണ്‍ സ്മൃതിവനം മാന്‍ പാര്‍ക്ക് തുടങ്ങിയത്. 120 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന പാര്‍ക്കില്‍ ആദ്യകാലത്ത് പുള്ളിമാനുകളും(Spotted Deer) മ്ലാവും (Sambar Deer) അടക്കം 98 മാനുകള്‍ ഉണ്ടായിരുന്നു. ട്രക്കിങ്, ആന സഫാരി തുടങ്ങിയ സൗകര്യങ്ങള്‍ സന്ദര്‍ശകര്‍ക്ക് നല്‍കിയിരുന്നു. വനം-വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും സന്ദര്‍ശകര്‍ക്കുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി 2014 ഫെബ്രുവരിയില്‍ ദേശീയ മൃഗശാല അതോറിറ്റി പാര്‍ക്കിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ചു. ഇതേത്തുടര്‍ന്ന് പാര്‍ക്കിലേക്ക് സന്ദര്‍ശകരെ നിരോധിച്ചു. ഇതോടെ പാര്‍ക്കിന്റെ സ്ഥിതി കൂടുതല്‍ വഷളായി.

പാര്‍ക്കിനു ചുറ്റും വേലി കെട്ടിയാണ് മാനുകളെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ ഈ വേലിയെല്ലാം ആനകള്‍ തകര്‍ത്തു. ഫണ്ടില്ലാത്തതിനാല്‍ തകര്‍ന്ന സ്ഥലത്ത് വേലി കെട്ടാന്‍ അധികൃതര്‍ക്ക് സാധിച്ചതുമില്ല. ഇതോടെ പാര്‍ക്കിലേക്ക് ചെന്നായയും പുലിയും കാട്ടുനായ്ക്കളും ഉള്‍പ്പെടെയുള്ള വന്യ മൃഗങ്ങളെത്തി മാനുകളെ പിടിച്ചു കൊണ്ടുപോവുക പതിവായി. വേലി തകര്‍ന്നപ്പോള്‍ ചില മാനുകള്‍ അതുവഴി ചാടിപ്പോകുകയും ചെയ്തതോടെ എണ്ണം ഗണ്യമായി കുറഞ്ഞു.

വാളയാർ മാൻ പാർക്കിലെ മാനിനെ പുലി പിടിച്ചപ്പോൾ.(ഫയൽ ചിത്രം). ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ
വാളയാർ മാൻ പാർക്കിലെ മാനിനെ പുലി പിടിച്ചപ്പോൾ(ഫയൽ ചിത്രം). ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ

തൃശൂരിലെയും തിരുവനന്തപുരത്തെയും മൃഗശാലകളില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികം മാനുകള്‍ ഇപ്പോള്‍ തന്നെയുണ്ട്. അതിനാല്‍ ഇവിടെ ശേഷിക്കുന്നവയെ അങ്ങോട്ട് കൊണ്ടുപോകാനുമാവില്ല. മാനുകളെ കാട്ടിലേക്ക് അയയ്ക്കണമെന്ന് നിര്‍ദേശവും ഉയര്‍ന്നിരുന്നു. എന്നാല്‍ മനുഷ്യനോട് ഇണങ്ങി വളര്‍ന്നതിനാൽ ഇവയെ കാട്ടിലേയ്ക്കു വിട്ടാലും അവിടെ ഇണങ്ങിച്ചേരുവാൻ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നിലവിലെ അവസ്ഥയിൽ ഘട്ടം ഘട്ടമായി ഇവയെ തുറന്നുവിടുന്നതാണ് നല്ലതെന്നും അല്ലാത്ത പക്ഷം മാനുകളുടെ ജീവൻ നിലനിർത്താൻ ബുദ്ധിമുട്ടാണെന്നും തിരുവനന്തപുരം മൃഗശാലയിലെ ഡോക്‌ടർ ജേക്കബ് അലക്‌സാണ്ടർ പറഞ്ഞു.

പാര്‍ക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശം ലഭിക്കുന്നതിനു മുന്‍പ് പുല്ലും ഇലകള്‍ക്കും പുറമേ പോഷകാഹാരമടങ്ങിയ ഭക്ഷ്യവസ്തുക്കളും മാനുകള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഫണ്ട് കിട്ടാതായതോടെ ഇതും നിലച്ചു. ഇപ്പോള്‍ പാര്‍ക്കിലെ വാച്ചര്‍മാര്‍ ശേഖരിച്ചു കൊണ്ടുവരുന്ന ഇലകളും പുല്ലും മാത്രമാണ് മാനുകളുടെ ആഹാരം. പക്ഷേ ഇവയൊന്നും ഇവിടുത്തെ മാനുകൾക്ക് പര്യാപ്‌തമല്ലെന്ന് അവയുടെ രൂപം തന്നെ വ്യക്തമാക്കുന്നു. മ്ലാവാണെന്നു പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ശോഷിച്ച ശരീരവും ദയനീയത നിറഞ്ഞ മുഖവുമാണ് ഇവിടെയുളള മാനുകളുടേത്. ജീവനും മരണത്തിനും ഇടയ്‌ക്ക് നൂൽപാലത്തിൽ നടക്കുന്ന ഈ മിണ്ടാപ്രാണികളുടെ രോദനം ഇനിയെങ്കിലും അധികൃതർ കാണാതിരിക്കരുതെന്നാണ് മൃഗസ്‌നേഹികളുടെ ആവശ്യം.

deer park, deer park walayar
വാളയാർ മാൻ പാർക്ക്. ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ

മൂന്ന് വാച്ചര്‍മാരും രണ്ടു ഫോറസ്റ്റ് ഉദ്യോഗസ്ഥരടക്കം അഞ്ചുപേരാണ് ഇവിടെ ജോലിചെയ്യുന്നത്. ദിവസ വേതനക്കാരായി മൂന്നു വാച്ചര്‍മാര്‍ ഉണ്ടെങ്കിലും രണ്ടുപേര്‍ക്കുള്ള ശമ്പളം മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്. ഇതിൽനിന്നും മൂന്നാമത്തെയാൾക്കുള്ള ശമ്പളം വീതിച്ചു നൽകും.

പാര്‍ക്കിന്റെ വിസ്തൃതി കുറച്ച് ആന, പുലി എന്നിവയുടെ ശല്യം തടയാനായി സോളാര്‍ ഫെന്‍സിങ് കെട്ടുക, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, പൂന്തോട്ടം, മാനുകള്‍ക്കുള്ള ചികിത്സാ കേന്ദ്രം തുടങ്ങിയവ നിര്‍മിച്ച് പാര്‍ക്കിനെ ചെറിയ മൃഗശാലയാക്കി നവീകരിക്കാനും മാനുകളെ സംരക്ഷിക്കാനുമായി ഒന്നേകാല്‍ കോടി രൂപയുടെ പദ്ധതി ദേശീയ മൃഗശാല അതോറിറ്റിക്ക് സമര്‍പ്പിച്ചെങ്കിലും ഫണ്ടില്ലെന്നു പറഞ്ഞ് തള്ളിയിരുന്നു. ഘട്ടം ഘട്ടമായെങ്കിലും പാര്‍ക്ക് നവീകരിച്ച് റെസ്‌ക്യു ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ പോലുള്ള സൗകര്യങ്ങള്‍ ഒരുക്കി മാനുകളെ സംരംക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പാര്‍ക്കിന്റെ ചുമതലയുള്ള സ്പെഷ്യല്‍ ഫോറസ്റ്റ് ഓഫിസര്‍ വിശ്വനാഥന്‍ പറഞ്ഞു.

deer park, deer park walayar, animal protection, palakkad, walayar, hariharan subramaniam
വാളയാർ മാൻ പാർക്ക്. ചിത്രം: ഹരിഹരൻ സുബ്രഹ്മണ്യൻ

നിലവിലെ അവസ്ഥയിൽ മാനുകളെ അവിടെതന്നെ പാർപ്പിക്കുന്നതിനേക്കാൾ നല്ലത് അവയെ കാട്ടിലേക്ക് നിയമപ്രകാരം തുറന്നുവിടുന്നതാണെന്ന് മാനുകളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്ന കുഞ്ഞികൃഷ്‌ണൻ പറയുന്നു. വാളയാറിലെ ചൂടുളള​ കാലാവസ്ഥയും ഇവയ്‌ക്ക് പ്രതികൂലമാണ്. സ്വാഭാവിക അന്തരീക്ഷത്തിൽ വളരാൻ ശീലിപ്പിച്ച് തുറന്നുവിടുകയാണ് വേണ്ടതെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ഇവിടെ പാർക്ക് തുടങ്ങുന്നതിനു മുൻപ് തന്നെ വാളയാറിൽ മാനുകളെ വളർത്താൻ അനുകൂല സാഹചര്യമില്ലെന്ന് ഇതേക്കുറിച്ച് പഠിച്ച ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടിയിരുന്നെന്നും കുഞ്ഞികൃഷ്‌ണൻ ഓർമിച്ചു. കാട്ടിൽ വളരേണ്ട ഇത്തരം ജീവികളെ കൂട്ടിലിട്ട് വളർത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങളാണിതെന്നും ഇതൊരു പാഠമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇര കിട്ടി തുടങ്ങിയാൽ 20 അടി ഉയരമുളള വേലി ചാടിക്കടക്കാൻ മാനുകളെ പിടിക്കാനെത്തുന്ന പുലിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്ന് വിദഗ്‌ദർ പറയുന്നു. അതുകൊണ്ട് ഫെൻസിങ് കെട്ടി ഇവയെ സംരക്ഷിക്കുന്നത് ഇനി അപ്രായോഗികമാണെന്നും മാനുകളെ ഇങ്ങനെ തുടരാൻ അനുവദിക്കാതെ കാട്ടിലേക്ക് തുറന്നു വിടണമെന്നുമാണ് ഒരു കൂട്ടം മൃഗ സ്നേഹികളുടെ ആവശ്യം.

മാനുകളെ സുരക്ഷിതമായി വളര്‍ത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയോ അവയെ കാട്ടിലേക്ക് തുറന്നുവിടുകയോ ചെയ്‌തില്ലെങ്കിൽ ബാക്കിയായ 12 മാനുകളുടെ ജീവന്‍ കൂടി നഷ്ടപ്പെടാന്‍ അധികകാലം വേണ്ടി വരില്ല.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Jayaprakash narayan smrithivanam deer park walayar palakkad deers in pathetic condition