പാലക്കാട്: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റ് ജീവനക്കാരന്റെ കൊലപാതകത്തിലെ ഒന്നാംപ്രതി മരിച്ചു. സേലത്തുണ്ടായ വാഹനാപകടത്തിലാണ് കനകരാജ് കൊല്ലപ്പെട്ടത്. രണ്ടാം പ്രതി കെ.വി.സായനും കുടുംബവും സഞ്ചരിച്ച വാഹനവും അപകടത്തിൽപ്പെട്ടു. സായനിന്റെ ഭാര്യയും മകളും മരിച്ചു. സായനിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സായനും കുടുംബവും സഞ്ചരിച്ച കാർ ദേശീയപാത പാലക്കാട് കണ്ണാടിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. രാവിലെ 5.50 നായിരുന്നു അപകടം. അപകടത്തിൽ സയന്റെ ഭാര്യ വിനുപ്രിയ (30) മകൾ നീതു (അഞ്ച്) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ജയലളിതയുടെ വേനൽക്കാല വസതിയായ കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോടനാട്ടെ അവധികാല വസതിയിൽ പണവും സ്വർണവുമെല്ലാമായി രണ്ടായിരം കോടിയിലേറെ സൂക്ഷിച്ചിട്ടുണ്ടെന്ന് വിശ്വസ്തർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്റ്റേറ്റ് കാവൽക്കാരനെ കൊലപ്പെടുത്തിയതെന്നാണ് സൂചന. കാവൽക്കാരനെ കൊലപ്പെടുത്തിയ ശേഷം അമൂല്യമാണന്ന് കരുതിയ ചില വസ്തുക്കളും മോഷ്ടിച്ചിരുന്നു.

(വിഡിയോ കടപ്പാട്: മനോരമ ന്യൂസ്)

1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് ഇവിടെ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് ഇവിടെയെത്തി വിശ്രമിക്കാറുണ്ടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ