തിരുവല്ല: ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യമായ ജവാന്‍ റമ്മിന്റെ ഉത്പാദനം ഇരട്ടിയാക്കാന്‍ തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്. നവീകരിച്ച പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിലവില്‍ ദിവസം 8000 കെയ്സ് എന്നതില്‍ നിന്ന് 15,000 കെയ്‌സായി ഉയര്‍ത്തുവാന്‍ കഴിയും.
പുതിയതായി സ്ഥാപിച്ചിട്ടുള്ള 71,000 ലിറ്റര്‍ വീതം ശേഷിയുള്ള നാല് ബ്ലെന്‍ഡിങ് ടാങ്കുകളുടേയും രണ്ട് ബോട്ടിലിംഗ് ലൈനുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും പരീക്ഷണ പ്രവര്‍ത്തനം എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് വിലയിരുത്തി.
എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സ് ലഭ്യമാക്കി മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പ്ലാന്റ് ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് ലഭിക്കുന്ന വിവരം. 1997-ല്‍ ഉത്പാദനം ആരംഭിച്ച ജവാന്‍ റം ആദ്യം 1000 കെയ്സ് മാത്രമായിരുന്നു ഉത്പാദിപ്പിച്ചിരുന്നത്.

ഒരു കെയ്സില്‍ 12 കുപ്പി വീതമാണുള്ളത്. ജവാന് ആവശ്യക്കാര്‍ ഉയര്‍ന്നതോടെ 2008-ല്‍ ഉത്പാദനശേഷി 4,000 കെയ്സിലേക്ക് എത്തി. 2020-ലാണ് 8,000 കെയ്സിലേക്ക് എത്തിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഈ മാസം ഉത്പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്.
ഗുണനിലവാരം വര്‍ധിപ്പിച്ച് ജവാന്‍ പ്രീമിയം ബ്രാന്‍ഡായി വിപണിയിലെത്തിക്കാനും പദ്ധതിയുണ്ട്. നിലവിലുള്ള ജവാന്‍ സ്പെഷ്യലിന് പുറമെയാണിത്. ജവാന്‍ സ്പെഷ്യല്‍ ഒരു ലിറ്ററിന് 640 രൂപയാണ്. പ്രീമിയത്തിന് 700 രൂപയിലധികമാകുമെന്നാണ് സൂചന.