കൊച്ചി: ജെസ്ന മരിയ ജെയിംസ് തിരോധാന കേസ് സിബിഐ അന്വേഷിക്കും. അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും സിബിഐക്ക് കൈമാറാൻ കോടതി ക്രൈംബ്രാഞ്ചിന് നിർദേശം നൽകി. സിബിഐ തിരുവനന്തപുരം യുണിറ്റിനാണ് രേഖകൾ കൈമാറേണ്ടത്.

ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ എന്തോ വിഷയം ഉണ്ടെന്നും അന്തർ സംസ്ഥാന ഇടപെടൽ ഉണ്ടെന്നും സിബിഐ വ്യക്തമാക്കി. സിബിഐയിൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും യാത്രാ സൗകര്യം അടക്കം ആവശ്യത്തിനുള്ള സൗകര്യങ്ങൾ നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സിബിഐ ആവശ്യപ്പെട്ടു. സൗകര്യങ്ങൾ നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.

പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ജെസ്നയുടെ സഹോദരൻ ജയ്സ് ജയിംസും
കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിതും സമർപ്പിച്ച ഹർജിയിൽ കക്ഷി ചേരാൻ അനുമതി തേടി കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

ജെസ്നയെ ഇതുവരെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ജെസ്നയെക്കുറിച്ച് ചില വിവരങ്ങൾ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുൻ മേധാവിയും പെൺകുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാൽ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായി മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഹർജി.

Read More: ജസ്‌ന തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം

കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജെസ്നയുടെ പിതാവ് ജെയിംസ് ജോസഫ് പ്രധാനമന്ത്രിക്ക് പരാതി നൽകിയിരുന്നു. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്. ജെസ്ന ജീവിച്ചിരിക്കുന്നുവെന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജെസ്നയുടെ അച്ഛന്‍ പറഞ്ഞു.

2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് പിത‍ൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടി പിന്നെ തിരിച്ചെത്തിയില്ല. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ രണ്ടാം വർഷ ബികോം വിദ്യാർഥിയായിരുന്നു.

ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി. പിന്നീട് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡിജിപി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.