പത്തനംതിട്ട: ജസ്‌നയുടെ തിരോധാനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സഹോദരന്‍ ജെയ്‌സ്. ജസ്‌നയെ ആരും തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതെന്നായിരുന്നു ജെയ്‌സിന്റെ പ്രതികരണം. അതേസമയം, കേസിന്റെ അന്വേഷണം വഴി തിരിച്ചു വിടാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്നും സഹോദരന്‍ ആരോപിച്ചു.

തട്ടിക്കൊണ്ടു പോയിട്ടില്ലെന്ന പൊലീസ് വാദം സാധൂകരിക്കാന്‍ കഴിയുന്ന യാതൊരു തെളിവും ഇതുവരെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കളെയെല്ലാം ചോദ്യം ചെയ്‌തതാണെന്നും ജെയ്‌സ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സഹോദരന്റെ പ്രതികരണം.

”കുടുംബത്തിന് നേരെ ഉയരുന്ന ആരോപണങ്ങള്‍ വേദനിപ്പിക്കുന്നവയാണ്. നാല് തവണ എന്നെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. അതുപോലെ തന്നെ പിതാവ് ജെയിംസിനേയും പല തവണ ചോദ്യം ചെയ്‌തിട്ടുണ്ട്. അതിന് പുറമെ, ജെയിംസ് നിര്‍മിക്കുന്ന കെട്ടിടങ്ങളിലടക്കം പൊലീസ് തിരച്ചില്‍ നടത്തിയിട്ടും യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല,’ ജെയ്സ് പറഞ്ഞു.

അമ്മ മരിച്ചതിനെ ചൊല്ലിയല്ലാതെ ജസ്‌നയ്‌ക്ക് മറ്റ് വിഷമങ്ങളൊന്നും ഇല്ലായിരുന്നുവെന്ന് പറഞ്ഞ സഹോദരന്‍ കാണാതാവും മുമ്പ് ജസ്‌നയുടെ ഫോണിലേക്ക് വിളിച്ച സുഹൃത്തിനെ സംശയമുണ്ടെന്നും പറഞ്ഞു. ഇത്രയധികം തവണ ഫോണ്‍ വിളിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്നും സഹോദരന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ