മലപ്പുറം: പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്നയെ മലപ്പുറത്തെ കോട്ടക്കുന്ന് ടൂറിസം പാർക്കിൽ കണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് വീണ്ടും പാർക്കിലെത്തി അന്വേഷണം തുടങ്ങി. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ജസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
എന്നാല്‍ പാര്‍ക്കില്‍ 15 ദിവസത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നില്ല. അത്കൊണ്ട് തന്നെ പൊലീസ് ഇത് തിരികെ എടുക്കാന്‍ ശ്രമം നടത്തും. പാർക്കിന് സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. മറ്റൊരു പെണ്‍കുട്ടിക്കൊപ്പം മെയ് 3ന് രാവിലെ 11 മുതല്‍ രാത്രി വരെ ഇവര്‍ പാര്‍ക്കില്‍ തുടര്‍ന്നു.
കൈയ്യില്‍ വലിയ ബാഗുകളും ഉണ്ടായിരുന്നു. പിന്നീട് എത്തിയ മൂന്ന് ആണ്‍കുട്ടികളുമായി ഇവര്‍ സംസാരിച്ചിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. പിന്നീട് പെണ്‍കുട്ടി കരയുന്നത് കണ്ടതായി പാര്‍ക്കിലെ ഒരാള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തയും ചിത്രവും കണ്ടതോടെയാണ് ജസ്നയായിരുന്നോ എന്ന് പാര്‍ക്കിലെ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും എന്നാല്‍ സിസിടിവി ഉളള ഭാഗങ്ങളില്‍ ഇവര്‍ പോയിട്ടില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസം ജസ്നയുടെ പിതാവിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.