കോട്ടയം: കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്നയെപ്പോലെ തോന്നുന്ന പെൺകുട്ടിയെ ബെംഗളൂരു മെട്രോയിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. ശനിയാഴ്ച വൈകിട്ട് ജസ്ന എന്നു തോന്നിക്കുന്ന പെൺകുട്ടി മെട്രോയിൽനിന്നും ഇറങ്ങി വരുന്നത് കണ്ടുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇതനുസരിച്ച് അന്വേഷണം സംഘം ബെംഗളൂരുവിൽ എത്തി.
മെട്രോയിലെ സിസിടിവി ദൃശ്യം അന്വേഷണ സംഘം പരിശോധിച്ചപ്പോൾ ജസ്നയോട് സാമ്യമുളള പെൺകുട്ടിയെയാണ് കണ്ടത്. മെട്രോയിൽനിന്നും ഇറങ്ങി വരുന്നതാണ് ദൃശ്യങ്ങളിലുളളത്. ചുരിദാറാണ് വേഷം. കണ്ണടയും വച്ചിട്ടുണ്ട്. മെട്രോയ്ക്കുളളിലെ ദൃശ്യങ്ങൾ കൂടി ശേഖരിച്ച ശേഷം ജസ്നയാണോയെന്ന് ഉറപ്പു വരുത്താൻ കുടുംബത്തെ കാണിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
നേരത്തെ ജസ്നയെ ബെംഗളൂരുവില്‍ കണ്ടെന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണസംഘം അവിടെയെത്തി അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.
മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്ന മരിയ ജെയിംസിനെ (20) കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജസ്ന. കാണാതായ ദിവസം ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു.
ഒമ്പതു മണിയോടെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്ക്കാരോടു പറഞ്ഞശേഷമാണ് ജെസ്ന വീട്ടില്‍ നിന്നിറങ്ങിയത്. കൊല്ലമുളയിലെ വീട്ടില്‍നിന്ന് ഓട്ടോറിക്ഷയിലാണ് ജസ്ന മുക്കൂട്ടുതറയില്‍ എത്തിയത്. അവിടെനിന്ന് ബസില്‍ എരുമേലി സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് ജസ്നയെക്കുറിച്ച് ഒരു വിവരവും ഇല്ല. രാത്രിയായിട്ടും ജസ്ന വീട്ടില്‍ മടങ്ങി എത്താതായതോടെയാണ് കുടുംബം എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ജസ്നയുടെ വാട്സ്ആപ്പും മൊബൈല്‍ ഫോണുമൊക്കെ പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി അവയിലൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ജസ്ന എരുമേലി വരെയെത്തിയതായി മാത്രമാണ് പൊലീസിനു ലഭിച്ച തെളിവ്.