ദുബായ്: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മക്കളായ ബിനോയ് കോടിയേരിക്കും ബിനീഷ് കോടിയേരിക്കും എതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളിൽ നിന്ന് പരാതിക്കാർ പിൻവാങ്ങിയതായി റിപ്പോർട്ട്. വ്യവസ്ഥകൾ രഹസ്യമാക്കി വച്ച് കോടതിക്ക് പുറത്തുതന്നെ കേസ് ഒത്തുതീർത്തതായാണ് വിവരം. ഇതോടെ ഇവരുടെ യാത്രാവിലക്കും നീങ്ങിയതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
മൂന്ന് ദിവസം മുൻപാണ് പരാതിക്കാരായ ജാസ് കമ്പനിയുടെ ഉടമകൾ പരാതി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയത്. ബിനോയ് കോടിയേരിക്കെതിരായാണ് ഇവർ പരാതി നൽകിയത്. ഈ മാസം ഏഴിനാണ് ദുബായിൽ ജാസ് ടൂറിസം കമ്പനി പരാതി നൽകിയത്. കേസ് 25 ന് പരിഗണിക്കുമ്പോൾ ഒത്തുതീർപ്പ് വിവരം കോടതിയെ അറിയിക്കും. ഇതോടെ കേസ് പൂർണ്ണമായും ഒഴിവാകും.
കോടതി ചിലവടക്കം ബിനോയ് കോടിയേരി 13 കോടി നൽകാനുണ്ടെന്നാണ് സിപിഎം കേന്ദ്ര നേതാക്കൾക്ക് യുഎഇ പൗരനായ ഹസൻ അബ്ദുല്ല അൽ മർസൂഖി പരാതി നൽകിയത്. ബിസിനസുമായി ബന്ധപ്പെട്ട ചെക്ക് കേസാണിതെന്നാണ് ബിനോയ് കോടിയേരി പ്രതികരിച്ചത്.
ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബിനീഷ് കോടിയേരിക്കെതിരെ യുഎഇയിൽ കേസുണ്ടായിരുന്നത്. ഇത് പരിഹരിച്ച ശേഷമാണ് ബിനീഷ് കോടിയേരി യുഎഇയിലേക്ക് പോയതെന്നാണ് വിവരം.