തൃശൂർ: സിപിഐ സ്ഥാനാർഥി മരിച്ചതായി ബിജെപി മുഖപത്രം ‘ജന്മഭൂമി’യിൽ വാർത്ത. നാട്ടിക നിയോജകമണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും സിപിഐ നേതാവുമായ സി.സി.മുകുന്ദൻ മരിച്ചതായാണ് ‘ജന്മഭൂമി’ ചരമകോളത്തിൽ വാർത്ത നൽകിയത്.
മുകുന്ദന്റെ ഫൊട്ടോ സഹിതമാണ് ചരമകോളത്തിൽ വാർത്ത നൽകിയിരിക്കുന്നത്. ജന്മഭൂമി തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്.
Read Also: അവശേഷിക്കുന്ന സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ
ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു. ഉച്ചക്ക് ജില്ലാ നേതാക്കൾ തൃശൂരിൽ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്നലെയാണ് മുകുന്ദനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.
സിപിഐയുടെ സിറ്റിങ് സീറ്റാണ് നാട്ടിക. ഗീത ഗോപിക്ക് പകരമാണ് ഇത്തവണ സി.സി.മുകുന്ദന് സീറ്റ് നൽകിയിരിക്കുന്നത്. 2016 ൽ 26,777 വോട്ടുകൾക്കാണ് ഗീത ഗോപി നാട്ടികയിൽ ജയിച്ചത്. ബിജെപി മൂന്നാം സ്ഥാനത്തായിരുന്നു. 2016 ലെ പോലെ വിജയം ആവർത്തിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇറങ്ങിയ മുകുന്ദൻ പറഞ്ഞു.