കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ജന്മഭൂമി. കാര്‍ട്ടൂണിസ്റ്റിനെ ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തതായി പത്രം അറിയിച്ചു. ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറാണ് ഫേസ്ബുക്ക് വഴി ഖേദം പ്രകടിപ്പിച്ചത്. എന്നാല്‍ പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോള്‍ തന്നെ ജന്മഭൂമി വിശദീകരണ പോസ്റ്റ് പിന്‍വലിച്ചു.
ജന്മഭൂമിയില്‍ ‘ദൃക്‌സാക്ഷി’ എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ലെന്നും വിവാദമായ വാക്കുകള്‍ പ്രാദേശികമായ പറച്ചിലും ശൈലിയാണെന്ന വിശദീകരണമാണ് ഗിരീഷ് നല്‍കിയതെന്നുമായിരുന്നു പത്രത്തിന്റെ വിശദീകരണകുറിപ്പില്‍ പറഞ്ഞിരുന്നത്.
”ജന്മഭൂമിയില്‍ ദൃക്‌സാക്ഷി എന്ന പോക്കറ്റ് കാര്‍ട്ടൂണ്‍ വരച്ചിരുന്ന ഗിരീഷ് മൂഴിപ്പാടം ഇനി ജന്മഭൂമിയില്‍ വരയ്ക്കില്ല. കഴിഞ്ഞ ദിവസം അദ്ദേഹം വരച്ച കാര്‍ട്ടൂണും അതിലെ എഴുത്തും അപകീര്‍ത്തികരമായെന്ന വിമര്‍ശനങ്ങളെത്തുടര്‍ന്ന് ഇത് സംബന്ധിച്ച് അദ്ദേഹം നല്‍കിയ വിശദീകരണം, അത് പ്രാദേശികമായ പറച്ചിലും ശൈലിയുമാണെന്നാണ്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ ആരെയെങ്കിലും ആ കര്‍ട്ടൂണും എഴുത്തും വിഷമിപ്പിക്കുകയോ വേദനിപ്പിക്കുകയോ അപമാനിക്കുകയോ ചെയ്‌തെങ്കില്‍ ജന്മഭൂമിക്ക് ആ കാര്‍ട്ടൂണിനൊപ്പം നില്‍ക്കാനാവില്ല” എന്നും വിശദീകരണ പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ ഗിരീഷിനോട് തുടര്‍ന്ന് ആ പംക്തിയില്‍ വരയ്‌ക്കേണ്ടെന്ന് നിര്‍ദ്ദേശിയ്ക്കുകയായിരുന്നു. ഇങ്ങനെയൊരു വിവാദത്തിനിടയായതില്‍ ഖേദം രേഖപ്പെടുത്തുന്നു. ആ കാര്‍ട്ടൂണ്‍ മുന്‍നിര്‍ത്തി ഉയര്‍ന്ന വിവാദങ്ങള്‍ ഇതോടെ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ 22ന് പ്രസിദ്ധീകരിച്ച കാര്‍ട്ടൂണിലാണ് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന പരാമര്‍ശമുള്ളത്. ‘വനിതാ മതില്‍; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്’ എന്ന തലക്കെട്ടില്‍ വന്ന കാര്‍ട്ടൂണാണ് വിവാദമായത്. ‘തെങ്ങ് കേറേണ്ടവനെ പിടിച്ച് തലയില്‍ കയറ്റുമ്പോള്‍ ഓര്‍ക്കണം’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് ജന്മഭൂമി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാര്‍ട്ടൂണിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.