തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സിപിഎമ്മിനെ രൂക്ഷമായി വിമശിച്ച് സിപിഐ മുഖപത്രമായ ജനയുഗം. ‘ഏതോ ഒരു പിള്ളയല്ല, നടരാജൻപിള്ള’ എന്ന വി.പി.ഉണ്ണിക്കൃഷ്ണന്റെ ലേഖനവും ‘സർ സിപി ചെയ്തതെല്ലാം ശരിയെങ്കിൽ പുന്നപ്ര-വയലാർ രക്തസാക്ഷികൾ’ എന്ന ദേവികയുടെ ലേഖനവുമാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനമുയർത്തിയിരിക്കുന്നത്.
1967-69 കാലത്തെ സപ്തകക്ഷി മുന്നണി മന്ത്രിസഭയുടെ കാലത്താണ് 11.45 ഏക്കറോളം ഭൂമി നിയമ കലാലയം ആരംഭിക്കുന്നതിനായി മൂന്നു വർഷത്തെ പാട്ടക്കാലാവധിയോടെ അനുവദിച്ചത്. കൃഷി വകുപ്പിനു കീഴിലുള്ള ഭൂമിയാണ് നൽകിയത്. ഇഎംഎസ് നന്പൂതിരിപ്പാട് മുഖ്യമന്ത്രിയും എം.എൻ.ഗോവിന്ദൻ നായർ കൃഷി വകുപ്പ് മന്ത്രിയുമായിരുന്നു. സിപി രാമസ്വാമി അയ്യർ ഏറ്റെടുത്ത ഏതോ ഒരു പിള്ളയുടെ ഭൂമിയെക്കുറിച്ച് ഇനി പരിശോധനയുമില്ലെന്ന് പറയുന്ന മഹാരഥൻമാർ ഈ ചരിത്ര പാഠം അറിയേണ്ടതണെന്നു വി.പി.ഉണ്ണിക്കൃഷ്ണന്റെ ലേഖനത്തിൽ പറയുന്നു. ലക്ഷ്മി നായരുടെ പാരന്പര്യമല്ല പി.എസ്.നടരാജപിള്ളയുടേത്. ഏതോ ഒരു പിള്ളയല്ല പി.എസ്.നടരാജപിള്ളയെന്ന് ചരിത്രം പറയുന്നുവെന്നു പറഞ്ഞാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.
ഏതോ ഒരു പിള്ളയുടെ ഭൂമി സർ സിപിയാണ് ഏറ്റെടുത്തതെന്നും കഴിഞ്ഞ സർക്കാരുകൾക്കൊന്നും അതിൽ പങ്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. അവിഭക്ത കമ്യൂണിസ്റ്റു പാർട്ടിയുടെ പിന്തുണയോടെ തിരുവനന്തപുരത്തുനിന്നും ലോക്‌സഭയിലേക്ക് വിജയിച്ചയാളാണ് ഈ ഏതോ ഒരു പിള്ളയെന്നോർക്കണമെന്നു ദേവികയുടെ ലേഖനത്തിൽ പറയുന്നു. ചരിത്രത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളാത്തവർക്കുവേണ്ടി ചരിത്രത്തിന്റെ തന്നെ ചവറ്റുകുട്ടകൾ കാത്തിരിക്കുന്നുവെന്നും ആരും മറക്കരുതെന്നും ദേവികയുടെ ലേഖനത്തിലുണ്ട്.