scorecardresearch

സ്വർണക്കടത്തിൽ വിവാദങ്ങളല്ല, വസ്തുതകൾ പുറത്ത് വരണം: സിപിഐ

അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയമോ, ധാർമ്മികതയ്ക്കു യോജിക്കാത്തതുമായ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുവരേണ്ടതുതന്നെയാണ്

Gold Smuggling Case

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ മറനീക്കി വസ്തുതകള്‍ പുറത്തുവരണമെന്ന് സിപിഐ. വിവാദങ്ങളിലേക്ക് മാത്രം ഒതുങ്ങുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടും. ഇതു തന്നെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്തിലും സംഭവിച്ചത്. സിപിഐ മുഖപത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലാണ് പരാമര്‍ശം.

“അറസ്റ്റ് ചെയ്യപ്പെട്ടവർക്ക് രാഷ്ട്രീയമോ ധാർമികതയ്ക്കു യോജിക്കാത്തതോ ആയ ബന്ധങ്ങൾ ഉണ്ടെങ്കിൽ അവ പുറത്തുവരേണ്ടത് തന്നെയാണ്. ഈ സംഭവത്തിന്റെ ആഴവും പരപ്പും വെളിച്ചത്തുവരാതെയും ഇത്തരം വൻകിട അധോലോക – മാഫിയ ശക്തികളുടെ വേരറുക്കുവാൻ സാധിക്കുന്ന നടപടികളിലേക്ക് എത്താതെയും പോകുമോയെന്ന് സംശയിക്കാവുന്ന വിവാദങ്ങളാണ് നടക്കുന്നത്,” ജനയുഗം എഡിറ്റോറിയല്‍ പറയുന്നു.

ഒരു വർഷം മുമ്പ് നയതന്ത്ര പരിരക്ഷ ഉപയോഗിച്ച് നടന്ന സ്വർണക്കള്ളക്കടത്തിലും സമാനമായ കാര്യമാണ് നടന്നത്. രാഷ്ട്രീയ നേട്ടവും എതിരാളികൾക്കെതിരായ അപഹാസ അവസരവും പ്രതിചേർക്കപ്പെട്ടവരുടെ ഉന്നത ബന്ധങ്ങളും മാത്രം ചർച്ച ചെയ്തു. വിവാദ നിർമിതി മാത്രം ശ്രദ്ധാകേന്ദ്രമായപ്പോള്‍ ആ സ്വർണക്കള്ളക്കടത്തു കേസിലും യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടുകയാണ് ഉണ്ടായതെന്നും ജനയുഗം വ്യക്തമാക്കുന്നു.

നികുതി വെട്ടിച്ച് സ്വർണമെത്തുമ്പോൾ കുഴൽപ്പണ ഇടപാട്, കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള അരാജക നടപടികളും ഉണ്ടാകുന്നു. അതിന്റെ കൂടെ കള്ളക്കടത്ത് നടത്തുന്നവരും സ്വർണം തട്ടിയെടുത്തു സമ്പന്നരാകുന്നവരും അതിനിടയിലെ ക്വട്ടേഷൻ സംഘങ്ങളും എല്ലാം ചേരുമ്പോൾ അത് വലിയ ക്രമസമാധാന പ്രശ്നവും ധാർമിക വെല്ലുവിളിയുമായി മാറുന്നുവെന്നും എഡിറ്റോറിയലില്‍ പറയുന്നു.

Also Read: കരിപ്പൂർ സ്വർണക്കടത്ത്: ആറ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Janayugam editorial on gold smuggling case