തിരുവനന്തപുരം: മന്ത്രിസഭായോഗത്തില്‍ സിപിഐ വിട്ടുനിന്നതിന്റെ കാരണം നിരത്തി ജനയുഗം മുഖപ്രസംഗം. ഒന്നാം പേജിലാണ് ചീഫ് എഡിറ്റര്‍ കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് കാരണമായത്. ഈ അസാധാരണമായ നടപടി പ്രതീക്ഷിച്ച ഫലപ്രാപ്തിയിലെത്തിച്ചുവെന്നും കാനം രാജേന്ദ്രന്‍ എഡിറ്റോറിയലില്‍ പറയുന്നു.

മന്ത്രിസഭായോഗത്തില്‍ നിന്നുവിട്ടു നിന്ന സിപിഐ മന്ത്രിമാരുടെ നടപടി അസാധാരണമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. ഇതിനാണ് കാനം രാജേന്ദ്രന്‍ പാര്‍ട്ടി മുഖപത്രത്തിലൂടെ ശക്തമായ മറുപടി നല്‍കിയിരിക്കുന്നത്. തോമസ് ചാണ്ടി വിഷയത്തില്‍ സിപിഐ കടുത്ത നിലപാടെടുത്തത് ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യത തകരുന്നുവെന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തിലാണ്​. നടപടി അസാധാരണമാണെന്ന ഉത്തമ ബോധ്യത്തോടെയാണ് മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ചത്.

ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും തോമസ് ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടേയും കീഴ്‌വഴക്കങ്ങളുടേയും ലംഘനമായിരുന്നു. അതിനാലാണ് അസാധാരണ നടപടിയിലേക്ക് നീങ്ങേണ്ടി വന്നത്. സംശുദ്ധിയും സുതാര്യതയുമാണ് ജനങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇതുവരെ അത് നിറവേറ്റിയെങ്കിലും തോമസ് ചാണ്ടി വിഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളുടെ വിശ്വാസത്തിന് മങ്ങലേല്‍പ്പിച്ചു. അത് തിരിച്ചറിഞ്ഞ് തിരുത്താന്‍ മുന്നണിയും അതിലെ അംഗങ്ങളും ബാധ്യസ്തരാണ്. ആ ബാധ്യതയാണ് സിപിഐ നിറവേറ്റിയതെന്നും കാനം വ്യക്തമാക്കുന്നു.

സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവുമാണ് യുഡിഎഫിന് തിരിച്ചടിയായതെന്നോര്‍ക്കണമെന്നും മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ കാനം വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ