കണ്ണൂർ: രണ്ടുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. ചടങ്ങിൽ ആകെ പങ്കെടുക്കുന്ന 500 പേരിൽ ഒരാളാണ് ജനാർദനൻ. ക്ഷണം അപ്രതീക്ഷിതമായിരുന്നുവെന്നും വലിയ സന്തോഷത്തിലാണെന്നും ജനാര്ദനന് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
” 10 കോടിയുടെ ലോട്ടോ അടിച്ചതുപോലുള്ള സന്തോഷത്തിലാണ്. സത്യപ്രതിജ്ഞാ ചടങ്ങിനുള്ള കാര്‍ പാസും ഗേറ്റ് പാസും റവന്യൂ ഉദ്യോഗസ്ഥന് ഇന്നലെ രാവിലെ വീട്ടിലെത്തിച്ചു നല്‍കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുക്കുന്ന അഞ്ഞൂറ് പേരില്‍ ഒരാളാണ് താനെന്ന് അറിഞ്ഞപ്പോള്‍ സ്തംഭിച്ചുപോയി. ചടങ്ങിനു ക്ഷണിക്കാന്‍ വന്ന ഉദ്യോഗസ്ഥന് എന്റെ സന്തോഷം കണ്ട് ചിരിവന്നു. ഒറ്റയടിക്ക് റോക്കറ്റ് പൊന്തിയ അവസ്ഥയിലായിരുന്നു ഞാന്‍,” ജനാര്ദനന് ചിരിയോടെ പറഞ്ഞു.
”ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കാര്യം ഒരാള്‍ വൈകീട്ട് ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതതോടെയാണ് എല്ലാവരും അറിഞ്ഞത്. തിരുവനന്തപുരത്തേക്കു പോകാന്‍ പാര്‍ട്ടിപ്രവര്‍ത്തകരും നാട്ടുകാരും പരമാവധി നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ പോകുന്നില്ല. പിന്നെ ട്രിപ്പിള്‍ ലോക്ക് ഡൗണുള്ള സ്ഥലം കൂടിയാണല്ലോ തിരുവനന്തപുരം. അതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞതുപോലെ സത്യപ്രതിജ്ഞ മനസില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. ചടങ്ങിനു പോകാന്‍ പറ്റിയില്ലെങ്കിലും സന്തോഷത്തിന് ഒരു കുറവുമില്ല. മനസ് അവിടെയാണ്. ”
മുഖ്യമന്ത്രിയെ നേരിട്ടു കാണണമെന്നുണ്ടെന്നും അതിനുള്ള കാത്തിരിപ്പിലാണെന്നും ജനാര്ദനന് പറഞ്ഞു. ”മുഖ്യമന്ത്രി തന്നെ കാണാന്‍ വരുമെന്ന് പറഞ്ഞതായാണ് അറിവ്. അദ്ദേഹം വാക്കുപറഞ്ഞാല്‍ തെറ്റിക്കില്ല. ഇങ്ങോട്ടുവരുന്നതിനേക്കാള് ആഗ്രഹം അദ്ദേഹം കണ്ണൂരില്‍ വരുമ്പോള്‍ പോയി കാണാനാണ്. കാരണം അദ്ദേഹത്തേക്കാള്‍ ഉയര്‍ന്ന നിലയിൽ ഞാന്‍ നില്‍ക്കുന്നത് എനിക്ക് ഇഷ്ടമല്ല,” ജനാര്ദനന് പറഞ്ഞു.
തന്റെ സമ്പാദ്യം മുഴുവൻ മഹാമാരിയുടെ സമയത്ത് ദുരിതാശ്വാസ നിധിയിലേക്ക് നല്കിയതിനുള്ള ആദരവായിട്ടാണ് സർക്കാർ സത്യപ്രതിജ്ഞ ചടങ്ങിനു ക്ഷണിച്ചത്. ഭാര്യയില്ലാതെ തിരുവനന്തപുരത്ത് ഒറ്റയ്ക്ക് പോകുന്നതിലെ പ്രയാസം ജനാർദനൻ മാധ്യമങ്ങളോട് പങ്കുവച്ചിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് ജനാർദനന്റെ ഭാര്യ അർബുദം ബാധിച്ച് മരിച്ചത്.
Read Also: മന്ത്രിസഭാ രൂപീകരണം; മുഖ്യമന്ത്രി ഗവർണറെ കണ്ടു
അഞ്ച് പതിറ്റാണ്ടു കാലം താൻ സമ്പാദിച്ചതിൽനിന്ന് മിച്ചം വന്ന 2,00,850 രൂപയിൽനിന്ന് രണ്ടു ലക്ഷം ആരോടും പറയാതെ ബാങ്ക് വഴി വാക്സിൻ ചലഞ്ചിലേക്ക് നൽകുകയായിരുന്നു ജനാർദനൻ. മുഴുവൻ തുകയും നൽകണമോ എന്ന ബാങ്ക് ജീവനക്കാരന്റെ ചോദ്യത്തിന് ഇല്ലെങ്കിൽ തനിക്ക് ഉറക്കം വരില്ലെ ന്നു പറഞ്ഞാണ് ജനാർദനൻ തുക നൽകിയത്. എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്ക് നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താൻ ഇത് ചെയ്തത് എന്നായിരുന്നു അന്ന് ജനാർദനന്റെ പ്രതികരണം.