തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പദയാത്രയുടെ സമാപനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും.
ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന യാത്രയില്‍ പട്ടം മുതല്‍ പാളയം വരെ അമിത് ഷാ പ്രവര്‍ത്തകരെ തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്യും. പാളയം മുതല്‍ പുത്തരിക്കണ്ടം വരെ അദ്ദേഹം പദയാത്രയില്‍ അണിചേരും. പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം.
അമിത് ഷാ ജനരക്ഷാ യാത്രയില്‍ നിന്നും വിട്ടു നിന്നത് ബിജെപി സംസ്ഥാന നേതൃത്വത്തിന് തിരിച്ചടിയായിരുന്നു. ഒക്‌ടോബര്‍ മൂന്നിന് ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ അന്ന് കണ്ണൂരില്‍ നടന്ന പദയാത്രയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് അടുത്ത രണ്ടു ദിവസം കൂടി അദ്ദേഹം കണ്ണൂരില്‍ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലൂടെയുള്ള പദയാത്രയുടെ ഭാഗമാകുമെന്നുമായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്.
എന്നാല്‍ മൂന്നിനു നടന്ന യാത്രയ്ക്ക് പിന്നാലെ അമിത് ഷാ പൊടുന്നനെ ഡല്‍ഹിക്ക് മടങ്ങുകയായിരുന്നു. കൂടാതെ ജനരക്ഷാ യാത്ര മറ്റ് വാര്‍ത്തകള്‍ക്കിടയില്‍ മുങ്ങിപ്പോയതും ബിജെപിയെ വലച്ചു. എന്നാല്‍ യാത്ര വന്‍ വിജയമാണെന്നാണ് ബിജെപിയുടെ അവകാശവാദം.