ജന്മഭൂമി പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപരമായി അവഹേളിക്കുന്ന കാർട്ടൂണണിന്റെ പൂർണ ഉത്തരവാദിത്ത്വം പത്രത്തിന്റെ പത്രാധിപർക്കാണെന്നും മലയാള കാർട്ടൂണിന് നൂറ് വയസ്സ് തികയാനിരിക്കെ ഇത്രയും ജാതീയത നിറഞ്ഞ കാർട്ടൂൺ ആദ്യമായാണെന്നും, ഈ കാർട്ടൂൺ ജാതീയതയിൽ തുടങ്ങി ജാതീയതിയിൽ തന്നെ അവസാനിക്കുകയാണെന്ന് ഇന്ത്യൻ എക്സ്പ്രസിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി പറഞ്ഞു.
ഇ.പി. ഉണ്ണിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണരൂപം താഴെ വായിക്കാം.
അടുത്തിടെ ജന്മഭൂമി പത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിക്കുന്ന കാർട്ടൂണിനെ എങ്ങിനെ കാണുന്നു?
ജാതീയത നിറഞ്ഞു നിൽക്കുന്ന ഒരു കാർട്ടൂൺ ആണ്. അത് എങ്ങിനെ പത്രത്തിൽ അച്ചടിച്ചു വന്നു എന്നത് അമ്പരിപ്പിക്കുന്നതാണ്.
കാർട്ടൂൺ പ്രസിദ്ധീകരിക്കുന്നതിൽ പത്രാധിപർക്കും പത്രാധിപ സമിതിക്കും എത്രമാത്രം ഉത്തരവാദിത്വം ഉണ്ട്?
ഒരു പത്രത്തിൽ അച്ചടിച്ചു വരുന്ന ഉള്ളടക്കത്തിന്റെ പൂർണ ഉത്തരവാദിത്വം പത്രാധിപർക്കാണ്. പത്രാധിപ സമിതി വായിച്ചു നോക്കാതെ ഒരു വാർത്ത പോലും പത്രത്തിൽ അച്ചടിച്ചു വരില്ല. കാർട്ടൂണുകളുടെ കാര്യവും അങ്ങിനെ തന്നെയാണ്.
കാർട്ടൂണിസ്റ്റിന് യാതോരു ഉത്തരവാദിത്ത്വവും കാർട്ടൂണിന്റെ മേലിൽ ഇല്ലെ?
കാർട്ടൂൺ ട്വിറ്ററു പോലെയുള്ള സ്വതന്ത്ര സമൂഹ മാധ്യമങ്ങളിലാണ് വരുന്നതെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്ത്വവും കാർട്ടൂണിസ്റ്റിനാണ്. മുമ്പ് തമിഴ്നാട്ടിൽ ശിവ എന്ന കാർട്ടൂണിസ്റ്റിനെ അറസ്റ്റു ചെയ്തതൊക്കെ ഇതു പോലെയുള്ള സംഭവങ്ങളിലാണ്. എന്നാൽ ഒരു പത്രത്തിലാണ് അച്ചടിച്ചു വരുന്നതെങ്കിൽ അതിന്റെ ഉത്തരവാദിത്ത്വം പത്രാധിപരുടേതാണ്.
ഈ സംഭവം ആവിഷ്ക്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരുമോ?
ഈ കാർട്ടൂൺ എങ്ങിനെയാണ് ആവിഷ്ക്കാര സ്വാതന്ത്രത്തിന്റെ പരിധിയിൽ വരുന്നത്. കറകളഞ്ഞ ജാതീയതയാണ് ഈ കാർട്ടൂണിൽ കടന്ന് വന്നിരിക്കുന്നത്. മലയാള കാർട്ടൂണിന് നൂറ് വയസ്സ് തികയാനിരിക്കെ ഇത്രയും ജാതീയത നിറഞ്ഞ കാർട്ടൂൺ ആദ്യമായാണ് കാണുന്നത്. ഈ കാർട്ടൂൺ ജാതീയതയിൽ തുടങ്ങി ജാതീയതയിൽ തന്നെ അവസാനിക്കുന്നു.
കാർട്ടൂണിൽ രാഷ്ട്രീയം പറയുന്നതിന് പരിധിയുണ്ടോ?
രാഷ്ട്രീയം പറയുന്നതിന് പരിധിയില്ല. മുഖ്യമന്ത്രിയുടെ നയങ്ങളെ വിമർശിക്കാം. എന്നാൽ ഈ കാർട്ടൂണിൽ രാഷ്ട്രീയം അല്ലല്ലോ, ജാതീയതയല്ലേ പറയുന്നത്. അറിയപ്പെടുന്നൊരു നേതാവിനെ ജാതീയമായി അവഹേളിക്കുന്നത് രാഷ്ട്രീയമാകുന്നത് എങ്ങിനെയാണ്?
പത്രത്തിന്റെ രാഷ്ട്രീയവും അവർക്കെതിരെ പൊതുവായ് ആരോപിക്കുന്ന ബ്രാഹ്മണിക്കൽ സ്വഭാവമായി ചേർത്തു വായിക്കുമ്പോൾ ഈ വിഷയത്തെ എങ്ങിനെ നോക്കിക്കാണാം?
അവരിപ്പോൾ സകല ഹിന്ദുക്കളെയും ഒരുമിപ്പിച്ച് ഹിന്ദു ഐക്യം ഉണ്ടാക്കുവാൻ ശ്രമിക്കുകയല്ലേ. അതിന്റെ ഭാഗമായല്ലെ ശിവഗിരിയിൽ നരേന്ദ്ര മോദി പ്രസംഗിച്ചത്. അതിന്റെയൊക്കെ അർത്ഥം എന്താണ്?
കാർട്ടൂണിൽ വ്യക്തി വിദ്വേഷം കടന്ന് വരാമോ?
കാർട്ടൂണിൽ വിദ്വേഷങ്ങൾ കടന്ന് വരരുത്. ജാതീയത, ആൺനോട്ടം (Male Gaze) തുടങ്ങിയവ കാർട്ടൂണിൽ കടന്നു വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം അശ്രദ്ധകളെ പ്രാദേശിക ശൈലി എന്നൊന്നും പറഞ്ഞ് രക്ഷപ്പെടാനാവില്ല. ഇന്ത്യയിൽ പത്രങ്ങൾക്ക് മാത്രമായി നിയമങ്ങളില്ല. എല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കീഴിലാണ് വരുന്നത് അതിനാൽ തന്നെ കാർട്ടൂണിസ്റ്റുകൾക്ക് യാതൊരു പ്രിവിലേജുകളുമില്ല.