കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ്‌ പടരുന്ന സാഹചര്യത്തില്‍ ഇക്കോ-ടൂറിസം കേന്ദ്രമായ ജാനകിക്കാടിലേക്കുള്ള പ്രവേശനം നിര്‍ത്തി വെച്ചു. പേരാമ്പ്രയിലെ പന്തീരിക്കരയില്‍ അഞ്ച് പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണിത്. തുടക്കത്തില്‍ മരണപ്പെട്ട സ്വാദിഖ്, മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജാനകിക്കാട്ടില്‍ പോയിരുന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. ഇതേതുടർന്ന് നിപ്പാ വൈറസ് പടരുന്നത് ഇവിടെ നിന്നാണെന്നുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

വനത്തിനുള്ളില്‍ ജീപ്പ് ട്രെക്കിംഗ് അനുവദനീയമാണ്. നിരവധി പക്ഷികള്‍ ഉള്ളതിനാലും രോഗം പ്രധാനമായും പടരുന്നത് പക്ഷികളുടെ കാഷ്ട്ടത്തില്‍ നിന്നുമാണെന്നുള്ള ആരോഗ്യ വകുപ്പിന്‍റെ പ്രസ്താവന ഇറക്കിയത്തിനും പിന്നാലെയാണ് വനം വകുപ്പ് ടൂറിസം സെന്ററിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചത്. കോഴിക്കോട് ഡിഎഫ്ഒയുടെ നിര്‍ദേശമനുസരിച്ചായിരുന്നു നടപടി.

ദിവസവും നിരവധി ടൂറിസ്റ്റുകളാണ് ജാനകിക്കാട്ടിൽ എത്തുന്നത്. അവിടെ നിന്നും ഭക്ഷിച്ച ഏതെങ്കിലും പഴം വഴി വൈറസ് പകര്‍ന്നതാവാമെന്ന് സംശയിക്കുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച രാത്രി ഇതുസംബന്ധിച്ച നിര്‍ദ്ദേശമെത്തുകയായിരുന്നു.

ഞായറാഴ്ച നിരവധി സന്ദര്‍ശകര്‍ എത്തിയെങ്കിലും കടത്തി വിടാന്‍ വനം വകുപ്പ് അധികൃതര്‍ വിസ്സമതിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരവധി പക്ഷികളുടെ ആവാസകേന്ദ്രമായ ജാനകിക്കാട്ടിലെ പ്രധാന ആകര്‍ഷണം എന്ന് പറയുന്നത് കാട്ടിലൂടെയുള്ള ട്രക്കിങ്ങാണ്. പക്ഷിമൃഗാദികള്‍ കഴിച്ച് ബാക്കിവരുന്ന പഴങ്ങളടക്കമുള്ളവ സന്ദര്‍ശകര്‍ കഴിക്കുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.

പരിസരവാസികള്‍ക്കിടയില്‍ വലിയ ആശങ്കയാണ് വൈറസ്‌ ബാധ പടര്‍ത്തിയിരിക്കുന്നത്. വൈറസ്‌ പടരുമോ എന്ന ഭയത്താല്‍ പലരും മരണ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോലും തയാറാകുന്നില്ല. പരിഭ്രാന്തരായ ജനങ്ങള്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറാനും തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ