തിരുവനന്തപുരം: ജനകീയാസൂത്രണത്തിലൂടെ നടപ്പാക്കിയ അധികാരവികേന്ദ്രീകരണത്തിന്റെ കേരള മാതൃക രാജ്യത്ത് വേറിട്ടു നിൽക്കുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനകീയാസൂത്രണത്തിന്റെ 25ാം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് അതിജീവനത്തിൻറെ ഭാഗമായി ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
“ഓരോ അഞ്ചുവർഷത്തിലും വോട്ട് ചെയ്ത് സർക്കാരിനെ തിരഞ്ഞെടുക്കുന്നുന്നത്കൊണ്ടു മാത്രം ജനാധിപത്യം അർത്ഥപൂർണമാവുന്നില്ല. അധികാരത്തിന്റെ പ്രയോഗത്തിൽ ജനങ്ങൾക്ക് ഇടപെടാൻ കഴിയണം. ജനങ്ങളുടെ പങ്കാളിത്തവും മുൻകൈയും ഉറപ്പാകണം. ആ ലക്ഷ്യത്തിലേക്കുള്ള ഉജ്ജ്വലമായ തുടക്കമായിരുന്നു ജനകീയാസൂത്രണത്തിന്റേത്,” മുഖ്യമന്ത്രി പറഞ്ഞു.
“കോവിഡ് അതിജീവനത്തിൻറെ ഭാഗമായി ഇനിയും നൂതനമായ ആശയങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യേണ്ടതായുണ്ട്. ആഗോളതലത്തിൽ കോവിഡ് മഹാമാരിയെ നേരിടാൻ പല തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും പ്രാദേശികമായി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളാണ് വിജയം കണ്ടത്. കേരളം പ്രാദേശിക സർക്കാരുകളെ മുൻനിർത്തി നടത്തിയ പ്രവർത്തനങ്ങൾ ലോകം ചർച്ച ചെയ്തു.”
കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികളെ നേരിടുന്നതിലും ജനങ്ങളുടെ ആരോഗ്യസുരക്ഷയും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിലും പ്രശംസനീയമായ സംഭാവനകൾ നൽകുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങൾക്കായത് ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ വളർത്തിയെടുത്ത ജനകീയ പിൻബലവും, അവരിൽ ജനങ്ങൾക്കുള്ള ഉയർന്ന വിശ്വാസവും മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read More: ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ മാനേജിങ് ഡയരക്ടർ
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി സംയോജിത സമീപനം കൈക്കൊള്ളേണ്ടതുണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
“ജില്ലയ്ക്കോ, സംസ്ഥാനത്തിനാകെ തന്നെയോ ഗുണം ലഭിക്കുന്ന സംയോജന സാധ്യതയുള്ള പദ്ധതികൾ കണ്ടെത്താൻ പ്രാദേശിക സർക്കാരുകൾ ശ്രമിക്കണം. ദീർഘകാല ലക്ഷ്യപ്രാപ്തിക്ക് വേണ്ടി പദ്ധതികളും പരിപാടികളും ആസൂത്രണം ചെയ്യുമ്പോൾ ആവശ്യമായ പിന്തുണ സർക്കാർ നൽകും,” അദ്ദേഹം പറഞ്ഞു.
“വിശാലമായ കാഴ്ചപ്പാടോടുകൂടി നഗരാസൂത്രണം നടപ്പിലാക്കേണ്ടതുണ്ട്. പരിസ്ഥിതിയെക്കൂടി കണക്കിലെടുത്തു കൊണ്ടുള്ള ഇടപെടലാണ് നമുക്കാവശ്യം. മഹാപ്രളയവും കോവിഡ് മഹാമാരിയുമൊക്കെ ഏതെങ്കിലും ഒരു പ്രദേശത്തെ മാത്രമല്ല ബാധിച്ചത്. ദുരന്തങ്ങൾ വിതയ്ക്കുന്ന നാശനഷ്ടങ്ങളുടെ കാഠിന്യം കുറയ്ക്കാൻ പ്രാദേശികമായ ഇടപെടലുകളിലൂടെ സാധിക്കും. “
“നമ്മുടെ തൊഴിൽശക്തിയുടെ ഒമ്പത് ശതമാനം പേർ തൊഴിൽരഹിതരാണ്. നമ്മുടെ ജനസംഖ്യയുടെ 52 ശതമാനം വനിതകൾ ആണ്. അവരുടെ തൊഴിൽസേനാ പങ്കാളിത്ത നിരക്ക് 24.6 ശതമാനം മാത്രമാണ്. തൊഴിൽരഹിതരായ യുവജനങ്ങളും സംസ്ഥാനത്ത് ഏറെയുണ്ട്. വർഷാവർഷം തൊഴിലധിഷ്ഠിത കോഴ്സുകൾ പഠിച്ചിറങ്ങിയ അഭ്യസ്തവിദ്യരായ തൊഴിൽരഹിതരുടെ എണ്ണം വേറെയും. വളരെ വലിയ സംഖ്യയാണിത്. ഈ തൊഴിൽശക്തിയെ പൂർണമായും ഫലപ്രദമായും വിനിയോഗിക്കുന്നതിനുള്ള പ്രാദേശിക സാധ്യതകൾ കണ്ടെത്തേണ്ടതുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.
“പ്രാദേശിക സമ്പദ്ക്രമം ആഗോളതലത്തിൽ ചർച്ചയായി മാറി. കോവിഡിന്റെ ആഘാതത്തെ അതിജീവിക്കാനും ഉപജീവനമാർഗങ്ങൾ പുനരുജ്ജീവിപ്പിക്കാനും സമ്പദ് വ്യവസ്ഥയെ ഉണർത്താനുമുള്ള ഇടപെടലുകൾ പ്രാദേശിക തലത്തിൽ സംഘടിപ്പിക്കുക എന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിലുള്ള വലിയൊരു ദൗത്യമാണ്,” മുഖ്യമന്ത്രി പറഞ്ഞു.